മരട് ഫ്ലാറ്റ് തകര്‍ക്കാന്‍ വേണ്ടത് വെറും 12 സെക്കന്‍ഡ്!

മരടിലെ അനധികൃത ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വേണ്ടത് വെറും 12 സെക്കന്‍ഡ്. 1600 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്‌ഫോടനം നടത്തിയാണ് ഫ്ലാറ്റ് പൊളിക്കുക.

Last Updated : Nov 13, 2019, 03:52 PM IST
മരട് ഫ്ലാറ്റ് തകര്‍ക്കാന്‍ വേണ്ടത് വെറും 12 സെക്കന്‍ഡ്!

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വേണ്ടത് വെറും 12 സെക്കന്‍ഡ്. 1600 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്‌ഫോടനം നടത്തിയാണ് ഫ്ലാറ്റ് പൊളിക്കുക.

ആദ്യ 6 സെക്കന്‍ഡ് സ്‌ഫോടക വസ്തുക്കള്‍ ജ്വലിപ്പിക്കാന്‍ വേണ്ട സമയമാണ്. പൊട്ടിത്തുടങ്ങിയാല്‍ തുടര്‍ന്നുള്ള 6 സെക്കന്‍ഡില്‍ കെട്ടിടം പൂര്‍ണമായും നിലം പൊത്തും. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഓരോ നിലകളിലും സ്‌ഫോടനം നടക്കുക. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുക. കെട്ടിട അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കേണ്ട രീതിക്കനുസൃതമായാണ് സ്‌ഫോടനങ്ങള്‍ നടത്തുക. ഓരോ ഫ്ലാറ്റ് സമുച്ഛയത്തിനും വ്യത്യസ്ത സ്‌ഫോടന പദ്ധതികളാണ് നടപ്പാക്കുക.

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ഇനി അവശേഷിച്ചിരിക്കുന്നത് വെറും രണ്ട് മാസം മാത്രമാണ്. ജനുവരി 11ന് എച്ച്‌ടു ഒ, ആല്‍ഫ സെറിന്‍ ഫ്ലാറ്റുകളും 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും പൊളിക്കാനാണ് തീരുമാനം. 

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്

ഫ്ലാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടു പോകുകയായിരുന്നു. 

ജനുവരി 9നകം ഫ്ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും.

Trending News