close

News WrapGet Handpicked Stories from our editors directly to your mailbox

ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തി ജേക്കബ് തോമസ്‌

ഇവിടെ നിന്നും മൂര്‍ച്ചയുള്ള അരിവാളും കത്തിയും ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുവരെ ഇവിടെ തുടരുമെന്നും ജേക്കബ് തോമസ്‌ പറഞ്ഞു.  

Ajitha Kumari | Updated: Oct 10, 2019, 02:54 PM IST
ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തി ജേക്കബ് തോമസ്‌
File photo

ഷൊര്‍ണ്ണൂര്‍: ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജേക്കബ് തോമസ്‌!

ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്‍റെ എംഡി ആയിട്ടാണ് ജേക്കബ് തോമസ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌ ഡയറക്ടര്‍ പദവി വിജിലന്‍സ് ഡയറക്ടര്‍ പദവിയ്ക്ക് തുല്യമാക്കിയതില്‍ നന്ദിയുണ്ടെന്ന് ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് ജേക്കബ് തോമസ്‌ സര്‍ക്കാരിനെ പരിഹസിച്ചിരുന്നു.  

ഇവിടെ നിന്നും മൂര്‍ച്ചയുള്ള അരിവാളും കത്തിയും ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുവരെ ഇവിടെ തുടരുമെന്നും ജേക്കബ് തോമസ്‌ പറഞ്ഞു.

ജൂലൈ 29 ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവനുസരിച്ചാണ് സസ്പെന്‍ഷന്‍ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാന്‍ തീരുമാനിച്ചത്.

വ്യവസായ വകുപ്പിലെ ബന്ധുനിയമന കേസില്‍ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്‌ സര്‍ക്കാരിന് അപ്രിയനായത്.

ഇതേതുടര്‍ന്ന്‍ ജയരാജന് മന്ത്രി സ്ഥാനം നഷപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ട് ജേക്കബ് തോമസ് സസ്പെന്‍ഷനില്‍ ആയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന്‍ വീണ്ടും നിയമനം നല്‍കുകയും ചെയ്തു.

അവസാനം സസ്പെന്‍ഷനില്‍ ആയത് 2017 ഡിസംബറില്‍ ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിലാണ്. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജര്‍ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍റെ കാലാവധി നീട്ടുകയായിരുന്നു.

ഒടുവില്‍ ജേക്കബ് തോമസിനെ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കുകയും ആ വിധിയിലും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന്‍ ജേക്കബ് തോമസ്‌ ട്രിബ്യൂണലിനെ വീണ്ടും സമീപിക്കുകയും ചെയ്തു.  ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക് തിരിച്ചെടുത്തത്. 

അടുത്ത വര്‍ഷം മേയ് 31 വരെയാണ് ജേക്കബ് തോമസിന് സര്‍വ്വീസുള്ളത്.