ജിഷയുടെ കൊലപാതകം: പ്രതി അമിറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകും

Updated: Jun 21, 2016, 09:25 AM IST
ജിഷയുടെ കൊലപാതകം: പ്രതി അമിറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകും

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അമീറുൽ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് ഇന്ന്‍ കോടതിയിൽ സമര്‍പ്പിക്കും. കാക്കനാട് ജില്ല ജയിലില്‍ ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ മുഖ്യ സാക്ഷി ശ്രീലേഖ അമിറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിനായി അമീറിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കാക്കനാട് ജില്ല ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന അമിറുല്‍ ഇസ്ലാമിനെ കനത്ത സുരക്ഷയിലായിരിക്കും പെരുമ്പാവൂര്‍ കോടതിയിലേക്ക് കൊണ്ടുപോവുക. ഇതിനായുള്ള പ്രൊഡക്ഷന്‍ വാറണ്ട് ഇന്നലെ തന്നെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.  പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടിയാല്‍ സംഭവ സ്ഥലത്ത് എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തുന്ന നടപടിയിലേക്ക് അന്വേഷണ സംഘം കടക്കും. തിരിച്ചറിയല്‍ പരേഡ്
പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മുഖം മറച്ചാവും പ്രതിയെ കോടതിയില്‍ എത്തിക്കുക. ‌‌

കുന്നുംപുറം മജിസ്ട്രേറ്റ് ഷിബു ഡാനിയലിന് മുമ്പാകെയാണ് സ്ത്രീ അമീറുൾ ഇസ്ലാമിനെ തിരിച്ചറിഞ്ഞത്. ജിഷയുടെ വീട്ടിൽ നിന്ന് ഒരു യുവാവ് മരത്തിൽ പിടിച്ച് കനാലിൽ ഇറങ്ങുന്നത് കണ്ടു എന്നാണ് ഈ സ്ത്രീ പോലീസിന് മൊഴി നല്‍കിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയത്. തിരിച്ചറിയല്‍ പരേഡ് ഒരു മണിക്കൂറോളം നീണ്ടു നിന്നു. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിക്കാഞ്ഞത്, തിരിച്ചറിയല്‍ പരേഡ് നടത്തേണ്ട സാഹചര്യത്തിലാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.