കൂടത്തായി: മൂന്നാമത്തെ കൊലപാതകത്തിലും അറസ്റ്റ്!!

ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

Sneha Aniyan | Updated: Oct 28, 2019, 02:11 PM IST
കൂടത്തായി: മൂന്നാമത്തെ കൊലപാതകത്തിലും അറസ്റ്റ്!!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കൊലപാതകത്തിലും മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ അല്‍ഫൈനെ സൈനേഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

തിരുവമ്പാടി സിഐയാണ് ജോളി കസ്റ്റഡിയിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

അഞ്ച് കൊലപാതകങ്ങള്‍ ചെയ്‍തെന്ന് സമ്മതിച്ച ജോളി ഷാജുവിന്‍റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ആല്‍ഫൈനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞിരുന്നു.  

ആല്‍ഫൈന്‍ മരണപ്പെട്ടത് സിലിയെ കൊലപ്പെടുത്താന്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണെന്നായിരുന്നു ജോളിയുടെ മൊഴി. 

എന്നാല്‍ സിലിയെയും ആല്‍ഫൈനെയും താനാണ് കൊന്നതെന്ന് ജോളി നേരത്തെ മകന്‍ റോമോയോട് പറഞ്ഞിരുന്നു. റോമോ ഇക്കാര്യ പോലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിയുകയായിരുന്നു. 

മരണ ദിവസം ഷാജുവിന്‍റെ സഹോദരിയാണ് കുഞ്ഞിന് ഭക്ഷണം നല്‍കിയത്. സിലി-ഷാജു ദമ്പതികളുടെ മൂത്ത കുട്ടിയുടെ ആദ്യകുര്‍ബാന ദിവസമായിരുന്നു അത്. 

ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

സിലിയെ കൊല്ലാന്‍ കണക്കുകൂട്ടി ജോളി തയ്യാറാക്കിയ വിഷം ചേര്‍ത്ത ഭക്ഷണം ഷാജുവിന്‍റെ സഹോദരി അറിയാതെ ആല്‍ഫൈന് നല്‍കിയതാകാമെന്നായിരുന്നു ആദ്യത്തെ പൊലീസ് നിഗമനം. 

ജോളിയുടെ അറസ്റ്റിന് അനുമതി തേടി പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

ആദ്യ ഭര്‍ത്താവ് റോയി, രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി എന്നിവരുടെ കൊലപാതകത്തില്‍ ജോളിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.