മാനസിക സമ്മര്‍ദ്ദം; മനോരോഗ വിദഗ്ധനെ കാണണം- ജോളി

ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.

Sneha Aniyan | Updated: Nov 13, 2019, 10:46 AM IST
മാനസിക സമ്മര്‍ദ്ദം; മനോരോഗ വിദഗ്ധനെ കാണണം- ജോളി

കോഴിക്കോട്: കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മനോരോഗ വിദഗ്ധനെ കാണണമെന്നും കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി.

കടുത്ത മാനസിക സംഘര്‍ഷം കാരണം ഉറങ്ങാനാകുന്നില്ലെന്നും ഓര്‍മ്മകുറവുണ്ടെന്നും പറഞ്ഞ ജോളി ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണയായി ആവശ്യമറിയിച്ച ജോളി 
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും ഇതാവര്‍ത്തിച്ചു. 

ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.

എന്നാല്‍, കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സംശയിക്കുന്നതിനാല്‍ ജോളിയുടെ ആവശ്യം അംഗീകരിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ അഭിഭാഷകരുടെ ഉപദേശത്തോടെ  ജോളി പുറത്തെടുക്കുന്ന തന്ത്രമാണിതെന്നാണ് പൊലീസ് പറയുന്നത്.  

അതേസമയം, ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

കുറ്റ്യാടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും.