ജോളി റെഞ്ചിയേയും വധിക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടത് തലനാരിയഴയ്ക്ക്!

താന്‍ അമേരിക്കയില്‍ ആയതുകൊണ്ടാണ് തന്‍റെ നേര്‍ക്ക് വധശ്രമങ്ങള്‍ ഉണ്ടാകാത്തതെന്നും നാട്ടില്‍ വരുമ്പോള്‍ താന്‍ പോന്നമറ്റത്ത് താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ മൊഴി നല്‍കിയിട്ടുണ്ട്.  

Last Updated : Oct 16, 2019, 12:11 PM IST
ജോളി റെഞ്ചിയേയും വധിക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടത് തലനാരിയഴയ്ക്ക്!

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പരാതിക്കാരന്‍ റോജോ തോമസിന്‍റെ നിര്‍ണ്ണായക മൊഴി പുറത്ത്! 

മുഖ്യപ്രതി ജോളി തന്‍റെ സഹോദരി റെഞ്ചിയേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും റോജോ തോമസ് പൊലീസിന് മൊഴി നല്‍കി. 

മാത്രമല്ല താന്‍ അമേരിക്കയില്‍ ആയതുകൊണ്ടാണ് തന്‍റെ നേര്‍ക്ക് വധശ്രമങ്ങള്‍ ഉണ്ടാകാത്തതെന്നും നാട്ടില്‍ വരുമ്പോള്‍ താന്‍ പോന്നമറ്റത്ത് താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ മൊഴി നല്‍കിയിട്ടുണ്ട്.

നാട്ടില്‍ വരുമ്പോള്‍ താന്‍ ഒന്നുകില്‍ ഭാര്യയുടെ വീട്ടിലോ അല്ലെങ്കില്‍ കോഴിക്കോട്ടെ ഹോട്ടലുകളിലോ ആണ് താമസിച്ചിരുന്നതെന്നാണ് റോജോ പൊലീസിനോട് പറഞ്ഞത്. 

ജോളി ഒരിക്കല്‍ റെഞ്ചിയ്ക്ക് അരിഷ്ടം നല്‍കിയിരുന്നുവെന്നും അതു കുടിച്ചപ്പോള്‍ അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു റെഞ്ചി പോലീസിനു നല്‍കിയ മൊഴി. ഒടുവില്‍ ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ചാണ് താന്‍ സാധാരണ നിലയിലായതെന്നും അവര്‍ പറഞ്ഞിരുന്നു.

അതിനിടയില്‍ റെഞ്ചിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.    

കൂടത്തായി കൊലപാതക പരമ്പരയില്‍ സംശയമുണ്ടെന്ന്‍ ഉന്നയിച്ച് റോജോ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്‌. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22 ന് അന്നമ്മയിലൂടെ ആരംഭിച്ച കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പര അവസാനിക്കുന്നത്‌ 2016 ലെ ആറാമത്തെ കൊലപാതകത്തോടെയാണ്. 

ഈ ആറു കൊലപാതകങ്ങളും ചെയ്തത് താന്‍ ആണെന്ന് മുഖ്യപ്രതി ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Trending News