കൂടത്തായി കൊലപാതക പരമ്പര: ജോളിയെ മാത്യുവിന്റെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യും
ഇത് നാലാമത്തെ കേസിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.


കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് മാത്യു മഞ്ചാടിയിലിന്റെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യും.
ഇത് നാലാമത്തെ കേസിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.
ജോളിയുടെ ആദ്യ ഭര്‍ത്താവായിരുന്ന റോയിയുടെ അമ്മയുടെ സഹോദരനാണ് ഈ കൊല്ലപ്പെട്ട മാത്യു മഞ്ചാടിയില്‍. കോടതിയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ജോളിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അറസ്റ്റ് ചെയ്താല്‍ വീണ്ടും ജോളിയെ കൂടത്തായില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശേരി കോടതി ഇന്ന് രേഖപ്പെടുത്തും.
വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്റെ ചുരുളഴിയുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന് റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്ഫൈന് (2), അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്.