കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് വൈകുന്നേരം നാലു മണിയോടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.   

Ajitha Kumari | Updated: Nov 1, 2019, 09:49 AM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആല്‍ഫൈന്‍ വധക്കേസിലായിരുന്നു ജോളിയെ കസ്റ്റഡിയിലെടുത്തിരുന്നത്. 

കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് വൈകുന്നേരം നാലു മണിയോടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. പുലിക്കയത്തും പോന്നമറ്റത്തും ജോളിയെ വീണ്ടും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.  

റോയ് വധക്കേസില്‍ ജോളിയുടെ രണ്ടുമക്കളുടേയും രഹസ്യമൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അവരുടെ മൊഴിയെടുക്കുന്നത് കുന്ദമംഗലം മജിസ്ട്രേറ്റാണ്. കൊല്ലപ്പെട്ട സിലിയുടെ സഹോദരന്‍റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് സൂചന. 

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.