ജോസ് കെ മാണി പത്രിക നല്‍കി, വെല്ലുവിളിച്ച് കോടിയേരി

രാജ്യസഭാ സീറ്റ് സംബന്ധിച്ച് നടന്ന കലാപങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

Last Updated : Jun 11, 2018, 04:29 PM IST
ജോസ് കെ മാണി പത്രിക നല്‍കി, വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് നടന്ന കലാപങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കന്മാരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. കെ എം മാണി പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നില്ല.

കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് നടന്ന ഉള്‍പ്പോര് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കറ്റ് ആസ്വദിച്ചിരുന്നു. 

അതേസമയം, വെല്ലുവിളിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ജോസ് കെ മാണി രാജിവയ്ക്കുമ്പോള്‍ ഒഴിവു വരുന്ന കോട്ടയം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് തയ്യാറാണായെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയത് ഇനി ജയിക്കില്ലെന്ന് ഉറപ്പായതിനാലാണെന്ന് അദ്ദേഹം പരിഹസിച്ചു. പിന്നില്‍ നിന്ന് കുത്തിയതിന്‍റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്ക് മടങ്ങിയതെന്നും കോടിയേരി ചോദിച്ചു.

രാജ്യസഭയിലേക്ക് പോകാന്‍ ലോകസഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം ഒരു വര്‍ഷം കൊണ്ട് കാലാവധിപൂര്‍ത്തിയാകാനിരിക്കെ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും പറഞ്ഞു.  

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോടിയേരിയുടെ ചോദ്യം വളരെ പ്രസക്തമാണ്‌. അണികള്‍ പിണങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുമെന്നത് വാസ്തവം തന്നെ. 

 

Trending News