സമരങ്ങളില്‍ ഇനിയും പങ്കെടുക്കും; നയം വ്യക്തമാക്കി ബഷീര്‍

പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികള്‍ക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലീം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് തന്‍റെ നയം വ്യക്തമാക്കി കെഎംബഷീര്‍ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. 

Ajitha Kumari | Updated: Jan 28, 2020, 12:18 PM IST
സമരങ്ങളില്‍ ഇനിയും പങ്കെടുക്കും; നയം വ്യക്തമാക്കി ബഷീര്‍

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തന്നെ മുസ്ലീം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ്ചെയ്തതിനെതിരെ പ്രതികരണവുമായി കെ എം ബഷീര്‍ രംഗത്ത്.

മനുഷ്യശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്നും അതില്‍ നിന്നും ഒരടിപോലും പിന്നോട്ടില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും ഇതിനോട് യോജിക്കേണ്ടി വരുമെന്നുമാണ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ.എം ബഷീര്‍ പ്രതികരിച്ചത്.

പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികള്‍ക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലീം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് തന്‍റെ നയം വ്യക്തമാക്കി കെഎംബഷീര്‍ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.

സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്നും കെഎം ബഷീര്‍ വ്യക്തമാക്കി.

പാര്‍ട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും മുസ്ലീം ലീഗുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.