ബിജെപി അദ്ധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിയാത്തത് സവര്‍ണ അവര്‍ണ തര്‍ക്കം: കെ. മുരളീധരന്‍

സംസ്ഥാന ബിജെപിയെ കൊട്ടി കോണ്‍ഗ്രസ്‌ നേതാവ് കെ. മുരളീധരന്‍. 

Sheeba George | Updated: Jan 6, 2020, 07:07 PM IST
ബിജെപി അദ്ധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിയാത്തത് സവര്‍ണ അവര്‍ണ തര്‍ക്കം: കെ. മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ കൊട്ടി കോണ്‍ഗ്രസ്‌ നേതാവ് കെ. മുരളീധരന്‍. 

2 മാസത്തിലേറെയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഇതായിരുന്നു മുരളീധരന്‍ വിമര്‍ശന വിഷയമാക്കിയത്. 

സംസ്ഥാന ബിജെപിയിലെ സവര്‍ണ അവര്‍ണ തര്‍ക്കമാണ് പാര്‍ട്ടി അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയായി നില്‍ക്കുന്നത് എന്നായിരുന്നു മുരളീധരന്‍റെ പരാമര്‍ശം. 
സവര്‍ണ രാഷ്ട്രമെന്ന ചിന്താഗതിയാണ് ബിജെപിയെ നയിക്കുന്നത് എന്നും മുരളീധരന്‍ പറഞ്ഞു. ഉലമ സംയുക്ത സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ആര്‍എസ്എസും പാര്‍ട്ടിയിലെ ഒരു വിഭാഗവും രണ്ട് ചേരിയില്‍ നിന്ന് അദ്ധ്യക്ഷ സ്ഥാനത്തിനായി വടം വലിയാണ്. ദേശീയ തലത്തിലും ബിജെപി സവര്‍ണ കാര്‍ഡ് പുറത്തിറക്കും. അപ്പോള്‍ നരേന്ദ്രമോദി ഔട്ടാകും. പിന്നെ യോഗി ആദിത്യനാഥിനെ കൊണ്ടുവരും, അദ്ദേഹം കൊട്ടിച്ചേര്‍ത്തു. 

ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമല്ല, സവര്‍ണ രാഷ്ട്രമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കാഷായവും കമണ്ഡലവും ധരിച്ചവരാണ് ഇപ്പോള്‍ വെടിവച്ച്‌ കൊല്ലാന്‍ ആജ്ഞാപിക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടികാട്ടി. 

സംസ്ഥാന ഗവര്‍ണറെയും അദ്ദേഹം വിമര്‍ശിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലാണ് താമസമെങ്കിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ പണിയാണ് ചെയ്യുന്നത്. അര മൂക്കുമായി നാടുവിട്ട സര്‍ സിപിയുടെ ചരിത്രം ഗവര്‍ണര്‍ പഠിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 

അതേസമയം, കെ മുരളീധരന്‍റെ പരിഹാസത്തിനു കുറിയ്ക്കുകൊള്ളുന്ന മറുപടി കേന്ദ്രമന്ത്രി വി മുരളീധരന്‍ നല്‍കി. സംസ്ഥാന അദ്ധ്യക്ഷന്‍റെ കാര്യത്തില്‍ ബിജെപിക്ക് കൃത്യമായ നിലപാടുണ്ടെന്നും കോണ്‍ഗ്രസിനെ പോലെ ഒരു കുടുംബമോ രണ്ട് പേര്‍ക്കോ അദ്ധ്യക്ഷനെ തീരുമാനിക്കാനാവില്ലെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.