പത്തനംതിട്ടയില്‍ നറുക്ക് വീണത് കെ. സുരേന്ദ്രന്

ഇന്ന് ഉച്ചക്ക് ശേഷം ബിജെപി പുറത്തുവിട്ട പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.   

Updated: Mar 23, 2019, 04:46 PM IST
പത്തനംതിട്ടയില്‍ നറുക്ക് വീണത് കെ. സുരേന്ദ്രന്

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് നുറുക്ക് വീണു.  പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. 
ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. 

ഇന്നലെ രാത്രി നടന്ന ബിജെപി തിര‍ഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു എങ്കിലും അതില്‍ പത്തനംതിട്ട സീറ്റിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലായിരുന്നു. 

എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം ബിജെപി പുറത്തുവിട്ട പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 

 

 

കെ സുരേന്ദ്രന്‍ ചരിത്രമുന്നേറ്റം നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

അതേസമയം തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന. മത്സരിക്കണമെങ്കില്‍ രാജ്യസഭാ സീറ്റടക്കം ചില ഉപാധികള്‍ തുഷാര്‍ മുന്നോട്ട് വച്ചതായാണ് സൂചന.