കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം; 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതാ ദേവിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തി എന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികൾക്കും എതിരായ കേസ്. 

Updated: Nov 30, 2018, 02:06 PM IST
കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം; 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല

പത്തനംതിട്ട: സന്നിധാനത്ത് തീർത്ഥാടകയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂർ, മറ്റ് പ്രതികളായ സൂരജ്, ഹരികൃഷ്ണൻ, കൃഷ്ണപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിൽ പതിമൂന്നാം പ്രതിയാണ് കെ സുരേന്ദ്രൻ.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതാ ദേവിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തി എന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികൾക്കും എതിരായ കേസ്. അൻപത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

നേരത്തേ റാന്നി കോടതിയും ഇതേ കേസിൽ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് സുരേന്ദ്രന് മുന്നിലുള്ള വഴി. നിരോധനം ലംഘിച്ച് നിലയ്ക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഈ കേസ്. ഇതോടെയാണ് സുരേന്ദ്രന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായത്.

ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസാണ്. ശബരിമലയിലേക്ക് വന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ തടഞ്ഞുവെച്ചുവെന്നാണ് കേസ്. 

അതേസമയം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും സുരേന്ദ്രന് രണ്ട് കേസിൽ ജാമ്യം കിട്ടി. 2013 ൽ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016 ൽ നിയമം ലംഘിച്ച് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി എന്നീ കേസുകളിലാണ് ജാമ്യം കിട്ടിയത്.

പിണറായി വിജയൻ പകപോക്കുകയാണെന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാ പൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനിടെ സുരേന്ദ്രനെ ബിജെപി നേതൃത്വം പിന്തുണയ്ക്കുന്നില്ല എന്ന തർക്കത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ്.ശ്രീധരൻ പിള്ള കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിയിരുന്നു.