കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി രാവിലെ ചുമതലയേല്‍ക്കും;പ്രൊ:ടിജെ ജോസെഫിനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍ തീവ്രവാദത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചു!

ഏറെ നാളായി ഒഴിഞ്ഞു കിടന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രന്‍ എത്തിയപ്പോള്‍ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി ചുമതല ഏറ്റെടുക്കുന്നത് പാര്‍ട്ടി വലിയ പരിപാടി ആയാണ് സംഘടിപ്പിക്കുന്നത്.

Updated: Feb 22, 2020, 07:14 AM IST
കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി രാവിലെ ചുമതലയേല്‍ക്കും;പ്രൊ:ടിജെ ജോസെഫിനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍ തീവ്രവാദത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചു!

തിരുവനന്തപുരം:ഏറെ നാളായി ഒഴിഞ്ഞു കിടന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രന്‍ എത്തിയപ്പോള്‍ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി ചുമതല ഏറ്റെടുക്കുന്നത് പാര്‍ട്ടി വലിയ പരിപാടി ആയാണ് സംഘടിപ്പിക്കുന്നത്.

മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍,കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍  സുരേന്ദ്രന്‍റെ ചുമതലയെല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.രാവിലെ 9 മണിക്ക് തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിക്കും.ഇതിനായുള്ള ഒരുക്കങ്ങള്‍ ജില്ലാ കമ്മറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്.ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷും മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിക്കുന്ന സുരേന്ദ്രനെ അവിടെ നിന്നും   പ്രവര്‍ത്തകര്‍ പ്രകടനമായി  പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കും.രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ തിരുവനന്തപുരത്ത് മാരാർജി മന്ദിരത്തിൽ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കും.

തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന അധ്യക്ഷന്‍റെ സ്വീകരണ പരിപാടിയില്‍ എത്തുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ കൊടിയും പോസ്റ്ററുകളും ഒക്കെ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.യുവമോര്‍ച്ചാ മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചുമതല ഏല്‍ക്കാന്‍ എത്തുന്നത് തങ്ങളുടെ ശക്തി പ്രകടനം ആക്കി മാറ്റുന്നതിനാണ് യുവമോര്‍ച്ചയുടെ ശ്രമം,ബിജെപി യെ സംബന്ധിച്ചടുത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് നല്‍കുന്നതിനുള്ള അവസരമായിട്ടാണ് സുരേന്ദ്രന്‍ ചുമതലഏല്‍ക്കുന്ന പരിപാടിയെ കാണുന്നത്.

ജില്ലയില്‍ പാര്‍ട്ടി ഒറ്റകേട്ടായി മുന്നോട്ട് കൊണ്ട് പോകുന്നതിന് ശ്രമിക്കുന്ന ജില്ലാ പ്രസിഡന്റ്‌ വിവി രാജേഷിനെ സംബന്ധിച്ചടുത്തോളം  വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കുണ്ടായ തിരിച്ചടി മറികടന്ന് മുന്നോട്ട് പോകേണ്ടതുണ്ട്.പാര്‍ട്ടി അണികളുടെ ആവേശം ചോരാതെ നിര്‍ത്തുക എന്നതാണ് ജില്ലാ നേതൃത്വം സംസ്ഥാന അധ്യക്ഷന് വന്‍ സ്വീകരണം ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.ബിജെപി ക്ക് ഏറ്റവും കൂടുതല്‍ സംഘടനാ സംവിധാനമുള്ള തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തി പ്രകടനമായി സംസ്ഥാന അദ്ധ്യക്ഷന്റെ സ്വീകരണം മാറ്റുന്നതിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സമിതി ഓഫീസില്‍ എത്തി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷം കെ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ കെ സുരേന്ദ്രന്‍ ശബരിമല അചാര സംരക്ഷണ പോരാട്ടത്തില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ചിദാനന്ദപുരി സ്വാമിയേ കോഴിക്കോട് സന്ദര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു.ഹിന്ദുത്വ നിലപാട് വ്യക്തമാക്കുന്ന കൂടിക്കാഴ്ചയായിരുന്നു അത്.പിന്നാലെ തൊടുപുഴയില്‍ മത തീവ്രവാദികളുടെ ആക്രമണത്തിനിരയായി ന്യുമാന്‍ കോളേജ് പ്രൊ ടിജെ ജോസെഫിനെ സന്ദര്‍ശിച്ച് കൊണ്ട് തീവ്ര വാദത്തിനെതിരായ പോരാട്ടം തന്നെയാണ് നിലപാടെന്ന് വ്യക്തമാക്കുകയും ചെയ്തു.