വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ മൂന്നാം പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.  

Ajitha Kumari | Updated: Feb 14, 2020, 11:13 AM IST
വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതിയെന്ന്‍ റിപ്പോര്‍ട്ട്.

പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ മൂന്നാം പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.  പേരൂര്‍ക്കട പൊലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

മുൻ കമാന്‍ഡന്റ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 3 നാണ് 11 പോലീസുകാരെ പ്രതിചേർത്ത് പേരൂർക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. 

രജിസ്റ്ററില്‍ സ്റ്റോക്ക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയുണ്ടെന്നും വഞ്ചനയിലൂടെ പ്രതികള്‍ അധികലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. 

എന്നാൽ 10 മാസം കഴിഞ്ഞിട്ടും അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും അന്വേഷണം നടത്താത്തത് ഉന്നത ഇടപെടലിനെ തുടർന്നാണെന്ന് ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.  

വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പറയുന്നത്.  ഇതിനിടയില്‍ കുറ്റവാളി എന്ന് തെളിയുന്നതുവരെ സുനില്‍ തന്‍റെ സ്റ്റാഫ്‌ ആയിത്തന്നെ തുടരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.  മാത്രമല്ല പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് പറഞ്ഞ് അയാള്‍പ്രതി ആകണമെന്നില്ലയെന്നും മന്ത്രി പറഞ്ഞു.