)
തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചതായും പിണറായി വിജയൻ അറിയിച്ചു.
തിക്കിലും തിരക്കിലും ഇത്രയധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അതീവ ദുഖകരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. സമാനതകളില്ലാത്ത ദുരന്തമാണ് തമിഴ്നാട്ടിലുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും തമിഴ്നാട് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അതേസമയം തമിഴ്നാട് സർക്കാരിന് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. 39 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വീണാ ജോർജ്ജിന്റെ പോസ്റ്റ്:
തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ, തിക്കിലും തിരക്കിലും ആളുകൾ മരണമടഞ്ഞതിൽ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിർദേശാനുസരണം ബഹു. തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് ബഹു. മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകി.
അതേസമയം ടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 9 കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. 100ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുലര്‍ച്ചെയോടെ കരൂരിലെ ആശുപത്രിയിലെത്തി. ആശുപത്രിയിൽ അവലോകന യോഗവും ചേര്‍ന്നു. വിവരിക്കാനാകാത്ത ദുരന്തമാണ് കരൂരിൽ നടന്നതെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. സംഭവത്തിൽ അതീവ ദു:ഖമുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
7:45നാണ് താൻ വിവരം അറിയുന്നതെന്നും അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും നടന്നിട്ടില്ലാത്ത, നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്നുള്ള കാര്യങ്ങൾ തനിക്ക് ഇപ്പോൾ പറയാനാകില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കരൂർ വേലുച്ചാമിപുരത്ത് ഇന്നലെ വൈകീട്ട് 7ന് ആയിരുന്നു ടിവികെ അധ്യക്ഷൻ വിജയ്യുടെ യോഗം നടന്നത്. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നടന്മാരായ രജനികാന്ത്, കമൽ ഹാസൻ, ഖുശ്ബു തുടങ്ങിയവർ അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.