close

News WrapGet Handpicked Stories from our editors directly to your mailbox

കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൃത്യ൦ നടത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. 

Updated: Feb 20, 2019, 03:19 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൃത്യ൦ നടത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. 

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ കല്ലിയോട്ടെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും പൊലീസ് കണ്ടെടുത്തു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

അതേസമയം, കൃപേഷിനെ വെട്ടിയത് താൻ തന്നെയെന്ന് പീതാംബരൻ മൊഴി നൽകിയിരുന്നു. ഇരുമ്പ് വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ, കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

ഇരട്ടക്കൊലപാതകം കൂടാതെ വേറെ കേസുകളിലും പീതാംബരന്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയിൽ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് എ പീതാംബരന്‍.

എന്നാല്‍, പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു തീര്‍ത്തു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോൾ ഒരാളും വന്നിട്ടില്ല. നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ഭാര്യ പറഞ്ഞു.

അതേസമയം, പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക പറഞ്ഞു. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് നടപടിയെടുത്തത്. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകള്‍ പറഞ്ഞു. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ചുമത്തി പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.