പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശക്തമായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

Updated: Dec 12, 2018, 12:01 PM IST
പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

പത്ത് ദിവസമായി തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതുമൂലം നടപടികൾ വേഗം പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. 

സഭ ആരംഭിച്ചതോടെ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള നടന്നു. പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മറുപടി നല്‍കി. 

എന്നാല്‍ സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചതിനെതിരെ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ക്ഷുഭിതനായി. സഭയില്‍ പ്രതിഷേധം സാധാരണമാണെന്നും എന്നാല്‍ ഇത്തരം പ്രതിഷേധം ശരിയല്ലെന്നും സ്പീക്കര്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ സമരം തുടരുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍, ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. പ്രതിപക്ഷത്തിന്‍റെ സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരിക്കണം അല്ലെങ്കിൽ സഭ ബഹിഷ്കരിക്കണം എന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. 

ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുള്‍പ്പെടെ ഉന്നയിച്ച് നിയമസഭയ്ക്ക് മുന്നിലാണ് മൂന്ന് എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത്. എം.എല്‍.എമാരുടെ നിരാഹാര സത്യാഗ്രഹം പത്താം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.