)
കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിലേക്ക് ചേരുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് തിരുവനന്തപുരത്തെ മാരാർജി ഭവനിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താനിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു കൊണ്ടുള്ള ഈ നീക്കം. രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഒരു പ്രധാന രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകാൻ ട്വന്റി ട്വന്റി തീരുമാനിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻപത്തെ അപേക്ഷിച്ച് പാർട്ടിക്ക് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ സഖ്യനീക്കം എന്നതും ശ്രദ്ധേയമാണ്.
മുൻപ് നാല് പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ കിഴക്കമ്പലം, ഐക്കരനാട് എന്നീ രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് അധികാരം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളും പാർട്ടി തൂത്തുവാരിയെങ്കിലും മഴുവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഭരണം നഷ്ടമായി.
കൂടാതെ, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ ഭരണവും കൈവിട്ടുപോയി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇക്കുറി പാർട്ടിക്ക് ജയിക്കാനായില്ല. എന്നിരുന്നാലും തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ട്വന്റി ട്വന്റിക്ക് സാധിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭയിലും തൊടുപുഴയിലെ മണക്കാട് പഞ്ചായത്തിലും സാന്നിധ്യമറിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
ഈ സാഹചര്യത്തിൽ, എൻഡിഎയുമായുള്ള സഹകരണം വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുമ്പോൾ മുന്നണി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.