കേരളത്തില്‍ ബിജെപിയ്ക്ക് ആദ്യമായി ഒരു നിയമസഭ സീറ്റ് ലഭിക്കേണ്ടിയിരുന്ന മണ്ഡലം എന്നാണ് മഞ്ചേശ്വരത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. 1987 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, എല്ലാ തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. കേരളത്തില്‍ മറ്റൊരു മണ്ഡലത്തിലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല.
2021 ലെ തിരഞ്ഞെടുപ്പില്‍ 855 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. 2016 ല്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കായിരുന്നു. 2026 ല്‍ മഞ്ചേശ്വരത്ത് എന്ത് സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്. അതിന് മുമ്പ് മഞ്ചേശ്വരം മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമൂഹിക, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.
രാഷ്ട്രീയ ചരിത്രം
1957 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ മഞ്ചേശ്വരം മണ്ഡലം നിലവിലുണ്ട്. ഇതില്‍, ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ എട്ട് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് മുസ്ലീം ലീഗ് ആയിരുന്നു. നാല് തിരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാർത്ഥികളും ഒരു തിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചത് ആകെ ഒരു സ്ഥാനാര്‍ത്ഥി മാത്രം. രണ്ട് തവണ സ്വതന്ത്രനായും ഒരു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും വിജയിച്ച ആ വ്യക്തി കെ മഹാബല ഭണ്ഡാരി ആയിരുന്നു. 1960, 1965, 1967 തിരഞ്ഞെടുപ്പുകളില്‍ ആയിരുന്നു ഭണ്ഡാരിയുടെ വിജയം.
1970 മുതല്‍ 1982 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം മണ്ഡലം സിപിഐയുടെ ഉരുക്കുകോട്ടയായിരുന്നു എന്നതാണ് മറ്റൊരു ചരിത്ര സത്യം. 1970 ലും 1977 ലും എം രാമപ്പയും 1980, 1982 തിരഞ്ഞെടുപ്പുകളില്‍ ഡോ എ സുബ്ബ റാവുവും സിപിഐയ്ക്ക് വേണ്ടി ജയിച്ചുകയറി. 2006 ലെ തിരഞ്ഞെടുപ്പില്‍ സിഎച്ച് കുഞ്ഞമ്പു വിജയിച്ചത് മാത്രമാണ് സിപിഐഎമ്മിന്റെ മഞ്ചേശ്വരത്തെ നേട്ടം.
1987 മുതല്‍ 2001 വരെയുള്ള തിരഞ്ഞെടുപ്പുകളിലും 2011 മുതല്‍ 2021 വരെയുള്ള തിരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം മണ്ഡലം അടക്കി ഭരിച്ചത് മുസ്ലീം ലീഗ് ആയിരുന്നു. 1987 മുതല്‍ 2001 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ ചെര്‍ക്കളം അബ്ദുള്ള ആയിരുന്നു വിജയിച്ചത്. 2011 ലും 2016 ലും പിബി അബ്ദുള്‍ റസാക്ക് വിജയിച്ചു. ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എംസി ഖമറുദ്ദീനും 2021 ലെ തിരഞ്ഞെടുപ്പില്‍ എകെഎം അഷറഫും വിജയിച്ചു.
ബിജെപിയുടെ പ്രകടനങ്ങള്‍
1980 ല്‍ ബിജെപി രൂപീകരിക്കപ്പെട്ടുവെങ്കിലും 1982 ലെ തിരഞ്ഞെടുപ്പിലാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ അവര്‍ ഒരു നിര്‍ണായക ശക്തിയായി മാറുന്നത്.ആ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ എ സുബ്ബ റാവു വിജയിച്ചത് വെറും 163 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥി 36.5 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ രാമകൃഷ്ണന്‍ 36.2 ശതമാനം വോട്ടുകളും നേടിയപ്പോള്‍ ബിജെപിയുടെ എന്‍ ശങ്കര ആല്‍വ 27 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി.
1987 ല്‍ എത്തിയപ്പോള്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന എ സുബ്ബ റാവു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി എച്ച് ശങ്കര ആല്‍വ. 33.5 ശതമാനം വോട്ടുകളും ബിജെപി നേടി. സിപിഐയ്ക്ക് ലഭിച്ചത് വെറും 24.6 ശതമാനം വോട്ടുകളായിരുന്നു.
1991 ല്‍ ബിജെപി തങ്ങളുടെ ഏറ്റവും ശക്തനായ കെജി മാരാരെ ആയിരുന്നു മഞ്ചേശ്വരത്ത് മത്സരിപ്പിച്ചത്. വെറും 1,072 വോട്ടുകള്‍ക്കായിരുന്നു അന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ചെര്‍ക്കളം അബ്ദുള്ള വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും തമ്മില്‍ വോട്ടുവിഹിതത്തില്‍ ആകെ 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. സിപിഐയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഎമ്മിന് 29.8 ശതമാനം വോട്ടുകളും ലഭിച്ചു.
1996 ലും ചെര്‍ക്കളം അബ്ദുള്ളയ്ക്കായിരുന്നു വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായ വി ബാലകൃഷ്ണ ഷെട്ടിയെ 2,292 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സിപിഐഎമ്മിന്റെ രാമണ്ണ റായ് മൂന്നാം സ്ഥാനത്തായി.
ഇക്കാലത്തിനടയ്ക്ക് ബിജെപിയ്ക്ക് വലിയ തോതില്‍ തിരിച്ചടി നേരിട്ടത് 2001 ലെ തിരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. സികെ പത്മനാഭനെ ചെര്‍ക്കളം അബ്ദുള്ള തോല്‍പിച്ചത് 13,188 വോട്ടുകള്‍ക്കായിരുന്നു. വോട്ടുവിഹിതത്തില്‍ 12.3 ശതമാനത്തിന്റെ അന്തരവും ഉണ്ടായി. എന്നാല്‍ 2006 ല്‍ ഈ ആഘാതം കുറയ്ക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. പക്ഷേ, അത്തവണ വിജയം നേടിയത് സിപിഐഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പു ആയിരുന്നു. ഭൂരിപക്ഷം 4,829. സിറ്റിങ് എംഎല്‍എ ആയിരുന്ന മുസ്ലീം ലീഗിന്റെ ചെര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
സുരേന്ദ്രന്റെ വരവ്
കെ സുരേന്ദ്രന്‍ ആദ്യമായി മഞ്ചേശ്വരത്ത് മത്സരിക്കുന്നത് 2011 ല്‍ ആയിരുന്നു. അന്ന് മുസ്ലീം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ് നേടിയത് 5,828 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. എന്നാല്‍ 2016 ല്‍ എത്തിയപ്പോഴേക്കും കളി മാറി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്. വെറും 89 വോട്ടുകള്‍ക്കായിരുന്നു അന്ന് പിബി അബ്ദുള്‍ റസാഖ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. വോട്ടു വിഹിതത്തിലെ വ്യത്യാസം വെറും 0.05 ശതമാനം മാത്രം.
പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനായിരുന്നില്ല ബിജെപി സ്ഥാനാര്‍ത്ഥി. പകരം, രവീഷ് തന്ത്രി കുണ്ടാര്‍ ആയിരുന്നു. ഇത്തവണ മുസ്ലീം ലീഗ് ഭൂരിപക്ഷം 7,923 വോട്ടുകളായി ഉയര്‍ത്തുകയും ചെയ്തു.
2021 ല്‍ വീണ്ടും സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തി. ഇത്തവണ കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. എകെഎം അഷറഫ് ആയിരുന്നു മഞ്ചേശ്വരത്ത് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രന്‍ ഇത്വണ പരാജയപ്പെട്ടത് 855 വോട്ടുകള്‍ക്ക് മാത്രമായിരുന്നു.
2026 ലും കെ സുരേന്ദ്രന്‍ തന്നെ ആയിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി എന്നാണ് വിലയിരുത്തൽ. എന്തായിരിക്കും ഫലമെന്ന് കാത്തിരുന്ന് കാണാം.
സാമൂഹിക, ഭൂമിശാസ്ത്ര പശ്ചാത്തലം
കര്‍ണാടകത്തോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലം ആണ് മഞ്ചേശ്വരം. മംഗലാപുരത്ത് നിന്ന് വെറും 21 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു കടലോര പ്രദേശമാണിത്. ക്ഷേത്രങ്ങള്‍ക്കും, ക്രിസ്ത്യന്‍ പള്ളികള്‍ക്കും മുസ്ലീം പള്ളികള്‍ക്കും പേരുകേട്ട സ്ഥലം. സപ്തഭാഷാ സംഗമ ഭൂമി. വിഖ്യാതമായ രണ്ട് ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
കേരളത്തിന്റെ ഭാഗമാണെങ്കിലും, കര്‍ണാടകവുമായും അവരുടെ സാംസ്‌കാരിക പരിസരവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് മഞ്ചേശ്വരം. നേരത്തേ സൂചിപ്പിച്ചതുപോലെ, മലയാളവും കന്നഡയും ഉള്‍പ്പെടെ ഏഴ് ഭാഷകള്‍ ഇവിടെ സജീവമായി ഉപയോഗിച്ചുപോരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









