2008 ലെ മണ്ഡല പുനർനിർണയം വരെ ധർമടം എന്നൊരു നിയമസഭ മണ്ഡലം ഉണ്ടായിരുന്നില്ല. തലശ്ശേരി നിയമസഭാ മണ്ഡലത്തിലേയും പഴയ എക്കാട് മണ്ഡലത്തിലേയും പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ധർമടം മണ്ഡലം രൂപീകരിച്ചിരിക്കുന്നത്.
ഇപ്പോൾ ധർമടം മണ്ഡലം എന്ന് കേൾക്കുമ്പോൾ ഒരേയൊരു പേരുമാത്രമേ ഓർമ വരാൻ സാധ്യതയുള്ളു. അത് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അദ്ദേഹമാണ് അവിടെ നിന്ന് ജയിച്ചത്. രണ്ട് തവണയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഏറ്റവും ശക്തമായ ഇടതുകോട്ട എന്ന് വിശേഷിപ്പിക്കാം ധർമടത്തെ. തദ്ദേശ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ധർമടം കുലുങ്ങിയിട്ടില്ല. പരിശോധിക്കാം...
തദ്ദേശ തിരഞ്ഞെടുപ്പ്
ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ എട്ട് പഞ്ചായത്തുകൾ ചേർന്നതാണ് ധർമടം നിയമസഭ മണ്ഡലം. ഇതിൽ ചെമ്പിലോട്, പെരളശ്ശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ്. പിണറായി പഞ്ചായത്തിൽ യുഡിഎഫിന് ഒരു സീറ്റ് പോലും വിജയിക്കാൻ ആയില്ല. ആകെ കടമ്പൂർ പഞ്ചായത്തിൽ മാത്രമാണ് ഒപ്പത്തിനൊപ്പം നിൽക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, ധർമടം നിയമസഭ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ്. ഇതിൽ മറിച്ചെന്തെങ്കിലും ഈ തിരഞ്ഞെടുപ്പിൽ സംഭവിക്കുമോ? 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ധർമടത്ത് എന്തെങ്കിലും മാറ്റമുണ്ടാകുമോ?
ലോക്‌സഭ തിരഞ്ഞെടുപ്പ്
കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലാണ് ധർമടം നിയമസഭ മണ്ഡലം വരുന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഒരുലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി കെ സുധാകരന്റെ വിജയം. എന്നാൽ ധർമടം മണ്ഡലത്തിൽ സുധാകരന് തന്റെ മുന്നേറ്റം പ്രകടമാക്കാൻ കഴിഞ്ഞില്ല.
സിപിഐഎം സ്ഥാനാർത്ഥിയായ എംവി ജയരാജന് 71,794 വോട്ടുകളാണ് ധർമടത്ത് നിന്ന് ലഭിച്ചത്. കെ സുധാകരന് ലഭിച്ചതാകട്ടെ 69,178 വോട്ടുകളും. 2,616 വോട്ടുകളുടെ ഭൂരിപക്ഷം സിപിഐഎം സ്ഥാനാർത്ഥി സ്വന്തമാക്കി. പക്ഷേ, ഈ തിരഞ്ഞെടുപ്പുഫലം സിപിഐഎമ്മിനെ അക്ഷരാർത്ഥത്തിൽ സമ്മർദ്ദത്തിലാക്കിയിരുന്നു. 2021 ൽ അരലക്ഷത്തിൽ പരം വോട്ടിന് പിണറായി വിജയൻ വിജയിച്ച മണ്ഡലത്തിൽ, ലോക്‌സഭയിലെ ഭൂരിപക്ഷം വെറും 2,616 എന്നത് വലിയ ചോദ്യം തന്നെ ആയിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
നേരത്തേ സൂചിപ്പിച്ചതുപോലെ, 2008 ലെ മണ്ഡല പുനർനിർണയത്തിലാണ് ധർമടം മണ്ഡലം നിലവിൽ വരുന്നത്. പിന്നീട് 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ധർമടത്ത് ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നതും.സിപിഐഎം നേതാവായ കെകെ നാരായണൻ ആയിരുന്നു ആ തിരഞ്ഞെടുപ്പിലെ വിജയി. മമ്പറം ദിവാകരനെ ആയിരുന്നു കോൺഗ്രസ് രംഗത്തിറക്കിയത്. 15,162 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നാരായണന്റെ വിജയം.
2016 ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ സ്ഥാനാർത്ഥിയായെത്തി. ഇത്തവണയും മമ്പറം ദിവാകരനെ തന്നെ കോൺഗ്രസ് രംഗത്തിറക്കി. പക്ഷേ, പിണറായി വിജയന്റെ ഭൂരിപക്ഷം 36,905 ആയി ഉയർന്നു. 2021 ൽ സി രഘുനാഥിനെ ആയിരുന്നു കോൺഗ്രസ് പരീക്ഷിച്ചത്. വാളയാർ പെൺകുട്ടികളുടെ അമ്മ വാളയാർ ഭാഗ്യവതിയും സ്ഥാനാർത്ഥിയായി ധർമടത്തെത്തി. പക്ഷേ ഫലം വന്നപ്പോൾ പിണറായി വിജയന്റെ ഭൂരിപക്ഷം അരലക്ഷം കവിഞ്ഞു- 50,123 വോട്ടുകൾ.
'കരുത്തൻ' വരുമോ
ഇത്തവണ ധർമടത്ത് പിണറായി വിജയനാണ് മത്സരിക്കുന്നതെങ്കിൽ, ഒരു കരുത്തനെ തന്നെ എതിരാളിയായി നിർത്തണം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹം. പിണറായിക്കെതിരെ കരുത്തുറ്റ സ്ഥാനാർത്ഥി വരും എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരസ്യമായി പറയുകയും ചെയ്തു.
ആരായിരിക്കും ആ കരുത്തൻ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ വടകര എംപിയായ ഷാഫി പറമ്പിലിനെ ധർമടത്ത് നിർത്തണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ്സുകാർ ഏറെയാണ്. പാലക്കാട് നിന്ന് വന്ന് വടകരയിൽ കെകെ ഷൈലജയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ആളാണ് എന്നതാണ് യോഗ്യതയായി കണക്കാക്കുന്നത്. എന്നാൽ ഷാഫി ഇത്തരം ഒരു തീരുമാനത്തിന് സമ്മതം മൂളുമോ എന്ന് പറയാനാവില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









