കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകും: കടകംപള്ളി സുരേന്ദ്രന്‍

  

Last Updated : Jun 21, 2018, 10:30 AM IST
കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകും: കടകംപള്ളി സുരേന്ദ്രന്‍

കേരളാ ബാങ്ക് ഓണത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ ബാങ്ക് രൂപീകരിക്കുവെന്നും മന്ത്രി പറഞ്ഞു.

സഹകരണബാങ്കുകള്‍ മൈക്രോഫിനാന്‍സ് വായ്പയിലേക്ക് കടക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു. സഹകരണ ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് 9% പലിശയ്ക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ ഈ തുക 12% പലിശയ്ക്ക് അംഗങ്ങള്‍ക്ക് വായ്പയായി നല്‍കും. ‘മുറ്റത്തെ മുല്ല’ എന്ന പേരില്‍ ഒരു പദ്ധതി ഈ മാസം 26ന് പാലക്കാട് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന കാഴ്ചപ്പാടാണ് സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളെ അതേപടി നിലനിർത്തിക്കൊണ്ട് മറ്റ് ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സഹകരണമേഖലയിൽ ദീർഘകാലമായി തുടർന്നു വരുന്ന ത്രിതല സംവിധാനം ദ്വിതല സംവിധാനമായി മാറും.

സുശക്‌തമായ സാമ്പത്തിക അടിത്തറയാണ് നിർദ്ദിഷ്ട കേരളാ ബാങ്കിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്‌ഥാന സഹകരണബാങ്കിന് 6366 കോടി നിക്ഷേപവും ജില്ലാബാങ്കുകളിലൊട്ടാകെയായി 47047 കോടിയുടെ നിക്ഷേപവുമുണ്ട്. കാർഷിക വികസന ബാങ്കുകളിലെ ഒട്ടാകെ നിക്ഷേപം 636 കോടിയാകുന്നു. പ്രാഥമികസഹകരണ മേഖല കൂടാതെ തന്നെ 54050 കോടിയോളം വരും സഹകരണ ബാങ്കിംഗ് മേഖലയിലെ നിക്ഷേപം. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപം കൂടി ചേർത്താൽ 150,000 കോടിയുടെ നിക്ഷേപം സഹകരണ മേഖലയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പുതിയ ബാങ്ക് സഹകരണത്തിന്‍റെ തനത് ഭാവം കൈവിടാത്ത ഒരു വാണിജ്യ ബാങ്കായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Trending News