വോട്ടെണ്ണല്‍ ഇന്ന്; ആദ്യ ഫലസൂചന എട്ടരയോടെ

രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഏതാണ്ട് എട്ടരമണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാകും.  

Ajitha Kumari | Updated: Oct 24, 2019, 07:52 AM IST
വോട്ടെണ്ണല്‍ ഇന്ന്; ആദ്യ ഫലസൂചന എട്ടരയോടെ

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ 21 ന് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.

രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഏതാണ്ട് എട്ടരമണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാകും.

പത്തു മണിയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ വ്യക്തമായ രൂപം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്നുമണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുക.

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്.പൈവളികെ നഗര്‍, എറണാകുളത്ത്  മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ് കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്‌.എസ്.എസ്, വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്‍റ് മേരീസ് എച്ച്‌.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്.

അഞ്ചിടങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്പെക്ടര്‍മാരും 165 സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 1249 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണല്‍ ഇന്നുതന്നെയാണ്. അഭിപ്രായ വോട്ടെടുപ്പുകളുടേയും എക്സിറ്റ് പോളുകളുടേയും അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി വരുമെന്നാണ് പ്രതീക്ഷ.