close

News WrapGet Handpicked Stories from our editors directly to your mailbox

പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ച; പ്രചാരണത്തിന് 20 ദിവസം; വെല്ലുവിളിയായി ഉപതിരഞ്ഞെടുപ്പ്!!

കേരളത്തിലെ 5 നിയമസഭ മണ്ടലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മൂന്നു മുന്നണികളും വെട്ടിലായി!!

Sheeba George | Updated: Sep 21, 2019, 06:13 PM IST
പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ച; പ്രചാരണത്തിന് 20 ദിവസം; വെല്ലുവിളിയായി ഉപതിരഞ്ഞെടുപ്പ്!!

തിരുവനന്തപുരം: കേരളത്തിലെ 5 നിയമസഭ മണ്ടലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മൂന്നു മുന്നണികളും വെട്ടിലായി!!

തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ എന്നതാണ് പാര്‍ട്ടികളെ അലട്ടുന്ന മുഖ്യപ്രശ്നം!!

നിലവില്‍, പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ തിരക്കിലായിരുന്നു സംസ്ഥാനത്തെ നേതാക്കള്‍. 23നാണ് പാലാ നിയോജകമണ്ഡലത്തില്‍ വോട്ടെടുപ്പ്. അതുവരെ കൂട്ടലും, കിഴിക്കലും, നേതാക്കള്‍ക്ക് തിരക്കാണ്!!

എന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം വെറും 7 ദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനും അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക എന്നത് ചില പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ബാലി കേറാ മലയാണ്!!

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടുത്തിടെ കണ്ടതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയക്കിയപ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്!!

കൂടാതെ, കേരളത്തില്‍ വടക്കു മുതല്‍ തെക്കു വരെ ഉപതിരഞ്ഞെടുപ്പ് ചൂടിലമരുന്നു എന്ന പ്രത്യേകതയും ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്.

വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ സീറ്റുകള്‍ നിലവില്‍ യുഡിഎഫിന്‍റെ  കൈവശമുള്ള സീറ്റുകളാണ്. മഞ്ചേശ്വരം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റെതാണ്. ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലമാണ് സിപിഎമ്മിന്‍റെ കൈവശമുള്ള ഏക മണ്ഡലം.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരില്‍ എഎം ആരിഫുമാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. അതേസമയം, മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖിന്‍റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡും സര്‍ക്കാരിനെതിരായ ജനവിധിയും തുണയ്ക്കുമെന്നാണ് യുഡിഎഫിന്‍റെ  പ്രതീക്ഷ. 

അതേസമയം സര്‍ക്കാരിന്‍റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു. 

ഇടതു വലതു മുന്നണികളെപ്പോലെ തന്നെ ബിജെപിക്കും ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ധിച്ചു എന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിന് ഒരു മണ്ഡലത്തിലെങ്കിലും ബിജെപിക്ക് വിജയിക്കേണ്ടതുണ്ട്. വട്ടിയൂര്‍ക്കാവ്, മഞ്ചേസ്വരം മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്!!

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്. പത്രിക സൂക്ഷ്മപരിശോധന ഒക്ടോബര്‍ 5ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ആണ്. 

ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് ആയിരിക്കും നടക്കുക.