തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. മൂന്നു മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി നഷ്ടപരിഹാരത്തുക കൈമാറിയത്.
ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് സെപ്റ്റംബര്‍ 14ന് സുപ്രീംകോടതി വിധിച്ചിരുന്നു. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം നീണ്ട 22 വര്‍ഷം നിയമപോരാട്ടം നടത്തിയെന്ന്‍ അഭിപ്രായപ്പെട്ട കോടതി നമ്പി നാരായണനെതിരെയുണ്ടായത് ശക്തമായ മാനസിക പീഡനമാണെന്നും വിമര്‍ശിച്ചിരുന്നു.
നമ്പി നാരായണന് വലിയ പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് നഷ്ടപരിഹാരം വിതരണം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹം കേസില്‍ തന്‍റെ നിരപരാധിത്വം തെളിയുംവരെ പോരാടി. തന്‍റെ പ്രസംഗവേളയില്‍ മാധ്യമങ്ങളെ കണക്കറ്റ് വിമര്‍ശിക്കാനും മുഖ്യമന്ത്രി മടിച്ചില്ല. അന്വേഷണം നടക്കുന്നവേളയിൽ തങ്ങളുടെ ഊഹത്തിനനുസരിച്ച് കാര്യങ്ങൾ അവതരിപ്പിക്കലും അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അന്വേഷണത്തെ തങ്ങൾ ചിന്തിക്കുന്നതിന് അനുസരിച്ച് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതും എത്രകണ്ട് വഴിതെറ്റിപ്പോകുമെന്നതിന്‍റെ ശരിയായ അനുഭവപാഠമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.