'ഓഖി', മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജ്

'ഓഖി' ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Updated: Dec 6, 2017, 11:57 AM IST
'ഓഖി', മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര ദുരിതാശ്വാസ പാക്കേജ്

തിരുവനന്തപുരം: 'ഓഖി' ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് നവംബർ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ–മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്.

ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമഗ്ര ദുരിതാശ്വാസ പാക്കേജ് ഇന്ന് നടന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടർന്ന് സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്‍റെ  ചുമതല. പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റവന്യൂ, മത്സ്യബന്ധന വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയായിരുന്നു. ഇതോടൊപ്പം രണ്ടു വകുപ്പുകളും വെവ്വേറെ റിപ്പോർട്ടുകളും സമർപ്പിച്ചു.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും. ഈ ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഉള്ളവര്‍ക്ക് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും. 

കൂടാതെ, ദിവസ വേതനമായി മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയും 7 ദിവസത്തേയ്ക്ക് നല്‍കും. ‌ കഴിഞ്ഞ ഒരാഴ്ചയായി നല്‍കി വരുന്ന സൗജന്യ റേഷന്‍ അടുത്ത ഒരു മാസത്തേയ്ക്ക്കൂടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

മരിച്ചവരുടെയും കാണാതായവരുടെയും മക്കള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും സര്‍ക്കാര്‍ നല്‍കും. 

ആശുപത്രിയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. ബോട്ടുകളും മറ്റ് മത്സ്യബന്ധനോപകരണങ്ങളും ഉൾപ്പെടെ മൊത്തം നഷ്ടം കണക്കാക്കി വരുന്നതേ ഉള്ളതിനാൽ തന്നെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടേ ഉണ്ടാവുകയുള്ളൂ. അവര്‍ക്കും ധന സഹായം സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 

ദുരന്ത നിവാരണ കമ്മിറ്റി പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തിലും, മേഘലാ തലത്തിലും ജില്ലാ തലത്തിലും ഓഫീസുകള്‍ ഉണ്ടായിരിക്കും. 

ഫിഷറിസ് വകുപ്പിന് കീഴില്‍ മത്സ്യതൊഴിലാളികളെ ജിപി എസ് പോലുള്ള സംവിധാനവുമായി ബന്ധിപ്പിക്കും. ഇതോടെ കടലില്‍ പോകുന്ന തൊഴിലാളികളുമായി വാര്‍ത്താവിനിമയം സാധ്യമാകും എന്നും അദ്ദേഹം പറഞ്ഞു.  

ദുരന്തത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിമാരായ നിര്‍മല സിതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പ്രത്യേക നന്ദി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ചില മാധ്യമങ്ങള്‍ പൊതു വികാരങ്ങള്‍ക്കൊപ്പമില്ലായിരുന്നു എന്ന വസ്തുതയും ചൂണ്ടിക്കാണിക്കാന്‍ മുഖ്യമന്ത്രി മറന്നില്ല. അവരോടു ആത്മപരിശോധന നടത്താനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.