CM Pinarayi Vijayan Birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ

Kerala CM Pinarayi Vijayan 80Th Birthday: 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേ ദിവസമാണ് മുഖ്യമന്ത്രി യഥാർഥ ജന്മദിനം എന്നാണെന്ന് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : May 24, 2025, 10:55 AM IST
  • പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് ഞായറാഴ്ച ഒമ്പത് വർഷം പൂർത്തിയാകും
  • രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ഇന്നലെ സമാപിച്ചിരുന്നു
CM Pinarayi Vijayan Birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. ആഘോഷങ്ങളില്ലാതെ തന്നെയാണ് പതിവ് പോലെ ഈ ജന്മദിനവും. 1945 മാർച്ച് 21 ആണ് പിണറായിയുടെ ജന്മദിനമെന്നാണ് ഔദ്യോ​ഗിക രേഖകൾ. എന്നാൽ യഥാർഥ ജനനതിയതി 1945 മെയ് 24 ആണെന്ന് പിണറായി തന്നെയാണ് അറിയിച്ചത്.

Add Zee News as a Preferred Source

2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേ ദിവസമാണ് മുഖ്യമന്ത്രി യഥാർഥ ജന്മദിനം പുറത്തുവിട്ടത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് ഞായറാഴ്ച ഒമ്പത് വർഷം പൂർത്തിയാകും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് പിണറായി വിജയൻ പൂര്‍ത്തിയാക്കുന്നത്.

കണ്ണൂരിലെ പിണറായിയില്‍ 1945 മെയ് 24-ന് മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിജയന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരം​ഗത്തേക്കെത്തിയത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായി വിദ്യാഭ്യാസം.

ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിന് പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964 ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗവും പിന്നീട് കെഎസ്എഫ് സംസ്‌ഥാന പ്രസിഡന്റും ആയി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായി.

1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ പിണറായി 1977-ലും 1991 -ലും കൂത്തുപറമ്പില്‍ നിന്ന് വിജയം ആവര്‍ത്തിച്ചു.

1996-ല്‍ പയ്യന്നൂരില്‍ നിന്നും 2016-ലും 2021-ലും ധര്‍മ്മടത്ത് നിന്നും വിജയന്‍ നിയമസഭാംഗമായി. ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദവി ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. പിന്നീടുള്ള കാല്‍നൂറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ എന്ന പേര് മാറ്റിവയക്കാന്‍ കഴിയാത്ത ഒന്നായി മാറി.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദമായി പിണറായി. ശക്തമായ നിലപാടുകളും ഭരണമികവും കൊണ്ട് എല്ലാകാലത്തും ശ്രദ്ധിക്കപ്പെടുന്ന നേതാവായി‌. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ഇരുത്തവും കേരളം പലകുറി കണ്ടു. 2018 ല്‍ നിപ, തീരദേശത്തെ തകിടം മറിച്ച ഓഖി, കേരളത്തെ മുക്കികളഞ്ഞ രണ്ടു പ്രളയങ്ങള്‍, കൊവിഡ് മഹാമാരി.

കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ ആരോഗ്യ കേരളം മോഡലിനെ വാഴ്ത്തിയപ്പോഴും വിമര്‍ശനങ്ങള്‍ പലതുയര്‍ന്നു. പക്ഷെ പിണറായി കുലുങ്ങിയില്ല, പകരം ചരിത്രത്തിലെ ആദ്യ തുടര്‍ഭരണ നേട്ടം കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. കിറ്റ് വിവാദമെന്ന പ്രതിപക്ഷ വിമർശനത്തെ നിഷ്പ്രഭമാക്കി.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണ് പിണറായി അറിയപ്പെടുന്നത്. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച ഒമ്പത് വര്‍ഷങ്ങള്‍ കൂടിയാണ് ഈ ജന്മദിനത്തില്‍ പൂര്‍ത്തിയാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News