മുഖ്യമന്ത്രി ഇന്ന് പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെയും ശുചീകരണത്തില്‍ പങ്കാളികളാക്കും. 

Last Updated : Aug 23, 2018, 09:00 AM IST
മുഖ്യമന്ത്രി ഇന്ന് പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആലപ്പുഴ, നോര്‍ത്ത് പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും.  രാവിലെ ചെങ്ങന്നൂരിലും കോഴഞ്ചേരിയിലും ഉച്ചയോടെ ആലപ്പുഴയിലുമെത്തും. ചാലക്കുടിയിലെത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. 

രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരെത്തും. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍  ഇറങ്ങുന്ന മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. 

പിന്നീട് പത്തുമണിയോടെ സജി ചെറിയാന്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പം കോഴഞ്ചേരിക്ക് പുറപ്പെടും. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. ചാലക്കുടിയില്‍ എത്തി ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന പനമ്പള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരുമായി സംസാരിക്കും. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് പത്ത് കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ചാലക്കുടിയില്‍ മാത്രം മുന്നൂറ് കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രളയം ഉണ്ടാക്കിയിട്ടുള്ളത്, ചാലക്കുടി മാര്‍ക്കറ്റിലെ കടകളിലെ സാധനങ്ങള്‍ പൂര്‍ണമായി മഴയില്‍ കുതിര്‍ന്നു. കുടിവെള്ള വിതരണത്തിന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ന് രംഗത്തെത്തും. വെള്ളത്തിന്‍റെ കുത്തൊഴുക്ക് തുടരുന്ന മേഖലകളില്‍ കൂടുതല്‍ തടയണകള്‍ നിര്‍മിക്കാനും തീരുമാനമുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെയും ശുചീകരണത്തില്‍ പങ്കാളികളാക്കും. എല്ലാടത്തെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും. 

More Stories

Trending News