നിപാ വൈറസ്: നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴാമനും നിപാ ഇല്ല

നിലവിലെ സ്ഥിതിഗതികള്‍ ആശ്വാസകരമാണെന്നും നിരീക്ഷണം തുടരുമെന്നും ,മന്ത്രി പറഞ്ഞു.  

Last Updated : Jun 7, 2019, 02:26 PM IST
നിപാ വൈറസ്: നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴാമനും നിപാ ഇല്ല

കൊച്ചി: കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴുപേര്‍ക്കും നിപാ ബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ നിന്നും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

നിലവിലെ സ്ഥിതിഗതികള്‍ ആശ്വാസകരമാണെന്നും നിരീക്ഷണം തുടരുമെന്നും ,മന്ത്രി പറഞ്ഞു. മാത്രമല്ല ഇതിനായി കൂടുതല്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വാര്‍ഡിലുണ്ടായിരുന്ന ആറുപേര്‍ക്കും നിപാ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ് ആയിരുന്നു. 

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ എറണാകുളത്ത് സ്ഥാപിച്ച താല്‍ക്കാലിക ലാബിലാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിള്‍ പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. 

ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഒഴികെ മറ്റാര്‍ക്കും നിപാ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇപ്പോൾ യാതൊരു തരത്തിലുള്ള ആശങ്കയ്ക്കും ഇടയില്ലെന്നും എന്നാൽ നിപ വൈറസിന്‍റെ ഇൻക്യുബേഷൻ പീരീഡ് തീരുന്നതുവരെ പ്രതിരോധപ്രവർത്തനങ്ങൾക്കും ജാഗ്രതയ്ക്കും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 

വൈറസ് ശരീരത്തിൽ പ്രവേശിച്ച്, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇൻക്യുബേഷൻ പീരീഡ്. പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെയെല്ലാം രക്തസാമ്പിളുകൾ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. 

ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. നിപ ബാധ റിപ്പോർട്ട് ചെയ്ത സമയത്തുതന്നെ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് കെ.കെ ശൈലജ പറഞ്ഞു.

കേന്ദ്രമന്ത്രി ദൈനം ദിനം വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും നിപ പ്രതിരോധത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കൂടുതൽ സഹായം തേടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

Trending News