K-FON to reach one lak connections: 'കേരളം കണക്ടഡ് ബൈ കെ- ഫോൺ'! ഒരു ലക്ഷം കണക്ഷനുകളിലേക്ക് ചുവടുവയ്ക്കാൻ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്

K-FON to reach one lak connections: ഡിജി കേരളം എന്ന പദ്ധതി പ്രകാരം 2025 നവംബർ ഒന്നാം തീയ്യതിയോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂർണമായും ഡിജിറ്റലി സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായാണ് കെ- ഫോൺ മുന്നേറുന്നത്.

Written by - Zee Malayalam News Desk | Last Updated : May 15, 2025, 09:16 PM IST
  • 61,950 റീട്ടയിൽ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവിൽ കെഫോൺ സംസ്ഥാനത്താകെ ഇതിനോടകം നൽകിയിരിക്കുന്നത്
  • 23,163 സർക്കാർ ഓഫീസുകളിൽ കെ- ഫോൺ കണക്ഷനുകൾ നൽകിക്കഴിഞ്ഞു
  • 10,363 കുടുംബങ്ങളിൽ സൗജന്യ കണക്ഷനുകളും കെ- ഫോൺ ഇതിനോടകം നൽകി
K-FON to reach one lak connections: 'കേരളം കണക്ടഡ് ബൈ കെ- ഫോൺ'! ഒരു ലക്ഷം കണക്ഷനുകളിലേക്ക് ചുവടുവയ്ക്കാൻ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്

സാധാരണക്കാർക്ക് വലിയ പണച്ചെലവ് ഇല്ലാതെയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സൗജന്യമായും ഇന്റർനെറ്റ്. അതെ, കേരള സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിനെ കുറിച്ചാണ്. ഒരു ലക്ഷം കണക്ഷനുകളെന്ന നാഴിക കല്ലിലേക്ക് അടുക്കുകയാണ് കെ- ഫോൺ. എന്താണ് കെ-ഫോൺ, എങ്ങനെയാണ് കെ-ഫോൺ കണക്ഷനുകൾ ലഭിക്കുക. നിരവധി ചോദ്യങ്ങളാണ് കെ-ഫോണിനെ കുറിച്ച്... എല്ലാത്തിനുമുള്ള ഉത്തരങ്ങൾ അറിയാം...

എന്താണ് കെ-ഫോൺ പദ്ധതി?

സംസ്ഥാനത്ത് ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും മികച്ച ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും ഒരുപോലെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കെ- ഫോൺ പദ്ധതി കേരള സർക്കാർ തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സ്വന്തം ബ്രോഡ്ബാൻഡ് കണക്ഷനാണ്  കെ- ഫോൺ. ഇന്റർനെറ്റ് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളീയർക്ക് എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാനാണ് കെ- ഫോൺ ശ്രമിക്കുന്നത്. പട്ടണങ്ങളിൽ മാത്രം ഇന്റർനെറ്റ് കണക്ഷനുകൾ വ്യാപിപ്പിക്കാതെ, നാട്ടിൽപുറങ്ങളേയും ഇന്റർനെറ്റ് ലഭ്യതയുടെ പരിധിയിൽ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കെ- ഫോൺ എല്ലാ പ്രദേശത്തും ഒരുപോലെ സേവനം നൽകുന്നത്. ഇന്റർനെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെ- ഫോൺ നെറ്റ് എത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഡിജി കേരളം എന്ന പദ്ധതി പ്രകാരം 2025 നവംബർ ഒന്നാം തീയ്യതിയോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂർണമായും ഡിജിറ്റലി സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായാണ് കെ- ഫോൺ മുന്നേറുന്നത്. 

ന​ഗര-​ഗ്രാമ വ്യത്യാസമില്ലാത്തയിടമാണ് കേരളം. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെ- ഫോണും  എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റർനെറ്റ് എത്തിക്കാൻ കെ- ഫോണിന് സാധിക്കും. 61,950 റീട്ടയിൽ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവിൽ കെഫോൺ സംസ്ഥാനത്താകെ ഇതിനോടകം നൽകിയിരിക്കുന്നത്.

വളരെ വിപുലമായ നെറ്റ് വർക്ക് സംവിധാനങ്ങൾ കെ- ഫോണിനുണ്ട്. മറ്റ് ഐഎസ്പി-കളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ് വർക്ക് കെ- ഫോണിന്റേതാണ്. നിലവിൽ 31,153 കിലോ മീറ്ററുകൾ ഒഫ്സി കേബിൾ  കെ- ഫോൺ പൂർത്തീകരിച്ചു കഴിഞ്ഞു.   ഐഎസ്പി ലൈസൻസും ഒപ്പം ഐപി ഇൻഫ്രസ്ട്രക്ചർ ലൈസൻസും നാഷണൽ ലോങ്ങ് ഡിസ്റ്റൻസ്സ് ലൈസൻസും കെ- ഫോണിനുണ്ട്.  കൊച്ചിയിലുള്ള ഇൻഫോപാർക്കിൽ തയ്യാറാക്കിയിരിക്കുന്ന  നെറ്റ് വർക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെ- ഫോണിന്റെ കേന്ദ്രം. ഇവിടെ നിന്നും 375 കെഎസ്ഇബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസൻസ്  അഥവാ പിഒപി  കേന്ദ്രങ്ങൾ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റർനെറ്റ് ലഭ്യമാകുന്നത്.

KFON

ഇതിനോടകം 23,163 സർക്കാർ ഓഫീസുകളിൽ കെ- ഫോൺ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഫൈബർ ടു ഓഫീസ് കണക്ഷനുകൾ 2,796 ആണ്. കൊമേഴ്‌സ്യൽ എഫ്ടിടിഎച്ച് കണക്ഷനുകൾ മുൻപ് പറഞ്ഞതു പോലെ 61,950 എണ്ണമാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 10,363 കുടുംബങ്ങളിൽ സൗജന്യ കണക്ഷനുകളും കെ- ഫോൺ ഇതിനോടകം നൽകി കഴിഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തികൾ കഴിയുമ്പോൾ കണക്ഷനുകൾ നൽകുന്ന വേഗവും കെ- ഫോൺ നെറ്റ്‌വർക്കിന്റെ വ്യാപ്തിയും ഇനിയും കൂടും

ഡാർക്ക് ഫൈബർ ലീസിന് വേണ്ടി കെ- ഫോൺ 7,000 കിലോമീറ്റർ ഇതിനോടകം നൽകിക്കഴിഞ്ഞു. വിവിധ മുൻനിര ഇന്റർനെറ്റ് സേവനദാതാക്കളും ഇക്കാര്യത്തിൽ കെ- ഫോണിനെ സമീപിക്കുന്നുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും, ചെറുകിട എന്റർപ്രൈസസുകൾക്കുമായി 220 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും 265 എസ്എംഇ ബ്രോഡ്ബാൻഡ് കണക്ഷനുകളും  നൽകിയിട്ടുണ്ട്. 5,173 കിലോമീറ്റർ ഡാർക്ക് ഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ ഒൻപത് ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. ആകെ 98,295 സബ്‌സ്‌ക്രൈബേഴ്‌സാണ് കെഫോണിന് ഉള്ളത്. നിലവിൽ 3,773 ലോക്കൽ നെറ്റുവർക്ക് പ്രൊവൈഡർമാരുമായി എഗ്രിമെന്റിലേർപ്പെട്ട് കെ- ഫോൺ പ്രവർത്തിക്കുന്നു. 

സെക്രട്ടറിയേറ്റിലുള്ള  എല്ലാ ഓഫീസുകൾക്കും പുറമേ, 2024 ജൂൺ മുതൽ നിയമസഭയിലും കെ- ഫോണാണ് ഇന്റർനെറ്റിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ, ആരോഗ്യ, ധനകാര്യ, വിദ്യാഭ്യാസ മേഖലകൾക്ക് പുറമേ വിവിധ മുൻനിര സ്ഥാപനങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ ​ഗുണനിലവാരമാർന്ന സേവനം കെ- ഫോൺ നൽകി വരുന്നു. ഈ വ‍ർഷം അവസാനിക്കുന്നതോടെ കെ- ഫോൺ ലക്ഷ്യമിടുന്നത് രണ്ടര ലക്ഷം കണക്ഷനുകളാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യനിരക്കിൽ ഇന്റർനെറ്റ് കണക്ഷനുകൾ സർക്കാർ കെ- ഫോൺ മുഖേന നൽകിവരുന്നുണ്ട്. ഇതുകൂടാതെ വിവിധ കമ്പനികളുടെ സിഎസ്ആർ വഴിയുള്ള പണം  ഉപയോഗപ്പെടുത്തി ആദിവാസി മേഖലയിലെ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കണക്ടിംഗ് ദി അൺകണക്ടഡ് എന്ന പദ്ധതിയും കെ- ഫോൺ നടപ്പിലാക്കി കഴിഞ്ഞു. നിലവിൽ ഈ പദ്ധതി മുഖേന കോട്ടൂരിൽ 103 കുടുംബങ്ങളിലും അട്ടപ്പാടിയിൽ 300 കുടുംബങ്ങളിലും ഇതിനോടകം കണക്ടിവിറ്റി നൽകി. കൂടുതൽ ആദിവാസി മേഖലകളിൽ സമാനമായി ഇന്റർനെറ്റ് ലഭ്യമാക്കാൻ നടപടി തുടരുകയാണ്. വാഹന ഗതാഗതം പോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോൺ ബിപിഎൽ കണക്ഷനുകൾ നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും കണക്ടിവിറ്റി സൗകര്യം ലഭ്യമാക്കുവാനുള്ള നെറ്റുവർക്ക് ശേഷി ഇന്ന് കെ- ഫോണിനുണ്ട്. 

 

ഇന്റർനെറ്റ് മാത്രമല്ല,  വാല്യൂ ആഡഡ് സർവീസുകൾ കൂടി നൽകി വിപുലീകരണത്തിലേക്കും കടക്കുകയാണ് കെ- ഫോൺ. തെക്കേ ഇന്ത്യൻ ടിവി ചാനലുകളും സിനിമകളും ഉൾപ്പെടുത്തുന്ന ഒടിടി പ്ലാറ്റ്‌ഫോമും കെ- ഫോണിന്റെ പദ്ധതിയിലുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ആയിരിക്കും ഇത് യാഥാർത്ഥ്യമാക്കുക. ഒടിടിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഐപിടിവി, വിഎൻഒ ലൈസൻസ് തുടങ്ങിയവയുടെ നടപടികളിലാണ് നിലവിൽ കെ ഫോൺ. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റർനെറ്റ് നൽകുന്നതിനായുള്ള ലൈസൻസിനുള്ള കെ-ഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്. 5ജിയും 6ജിയും  വന്നാലും ഫൈബർ ഇന്റർനെറ്റിന്റെ സാധ്യത അവസാനിക്കില്ല.  നെറ്റ് വർക്ക് എന്നത് ഒരു അടിസ്ഥാന സൗകര്യമാണ്. വിദ്യാഭ്യാസം ആയാലും വിനോദമായാലും ആരോഗ്യമായാലും നെറ്റ് വർക്ക് കണക്ടിവിറ്റിയിലൂടെ വലിയ മാറ്റങ്ങളും വളർച്ചയും സാധ്യമാണ്.

കെ- ഫോൺ കണക്ഷൻ എങ്ങനെയെടുക്കാം?

നിലവിൽ മൂന്ന് രീതികളിലൂടെ കെഫോൺ കണക്ഷൻ ലഭ്യമാകും.

ഒന്നാമതായി,  18005704466 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം. 

രണ്ടാമത് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ EnteKFON ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പരും പേരും നൽകി രജിസ്റ്റർ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.

മൂന്നമതായി www.kfon.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിൽ രജിസ്റ്റർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സബ്‌സ്‌ക്രൈബർ രജിസ്റ്റർ എന്നതിലേക്കെത്തും. ഈ ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈൽ ഫോൺ നമ്പരും കെഎസ്ഇബി കൺസ്യൂമർ നമ്പറും വിലാസവും നൽകി കണക്ഷനായി അപേക്ഷിക്കാം. 

KFON

കെ ഫോണിന്റെ പ്ലാനുകൾ

299 രൂപമുതൽ തുടങ്ങുന്ന വിവിധ പ്ലാനുകൾ കെഫോണിൽ ലഭ്യമാണ്. പുതുതായെത്തുന്ന ഉപഭോക്താക്കൾക്ക് ആദ്യ ടേം റീച്ചാർജിനൊപ്പം അഡീഷണൽ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി കെ-ഫോൺ നൽകും. ഏപ്രിൽ 10 മുതലുള്ള അനുകൂല്യങ്ങലെല്ലാം പുതിയ ഉപഭോക്താക്കൾക്കും ലഭ്യമാണ്. കെ-ഫോണിന്റെ പ്ലാനുകൾ ഓഫറുകൾ എന്നി അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ പരിശോധിക്കാം. അല്ലെങ്കിൽ,  90616 04466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താലും അറിയാം. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകർഷകമായ ഓഫറുകളിലൂടെയും കെഫോൺ കൂടുതൽ ജനകീയമാകുന്നുമുണ്ട്. 

സൗജന്യ കെ- ഫോൺ കണക്ഷൻ എങ്ങനെ ലഭിക്കും?

https://selfcare.kfon.co.in/ewsenq.php എന്ന വെബ്സൈറ്റ് ലിങ്ക് വഴി അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമർപ്പിച്ച് സൗജന്യ ബിപിഎൽ കണക്ഷന് അപേക്ഷിക്കാം.  റേഷൻ കാർഡ് ഉടമയുടെ പേരിൽ മാത്രമാണ് അപേക്ഷ നൽകാനാവുക. എവിടെയാണ് കണക്ഷൻ ലഭിക്കേണ്ടത് എന്നത് കൃത്യമായി മാപ്പിൽ മാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതു കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ തുടർ നടപടികൾ വാട്‌സാപ്പിലൂടെയും ലഭ്യമാകും. ശ്രദ്ധിക്കേണ്ട കാര്യം അപേക്ഷകൾ ഓൺലൈനിൽ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നതാണ്. 

മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാൻ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങൾ നൽകുക. നിലവിൽ കെഫോൺ സേവനങ്ങൾ ലഭ്യമായിട്ടുള്ള പ്രദേശങ്ങൾക്ക് മുൻഗണനയുണ്ടാകും. കേരളത്തിൽ ഇന്റർനെറ്റ് മൗലിക അവസകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിന്റെ പ്രഖ്യാപനത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായാണ് കെ ഫോൺ പ്രവർത്തനം. കുറഞ്ഞ നിരക്കിൽ മികച്ച സേവനവുമായി മുന്നേറുകയാണ് സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോൺ. ഒരു ലക്ഷം കണക്ഷനുകളിലേക്ക് അതിവേ​ഗം അടുക്കുകയാണ് കെ ഫോൺ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News