തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. 170 പുതിയ കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധനവാണിത്. രാജ്യത്ത് ഏറ്റവും അധികം കേസുകൾ ഉള്ളതും കേരളത്തിലാണ്. 2,223 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ചികിത്സയിലുള്ള ഭൂരിഭാഗം രോഗികളും മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ ഏറ്റവും അധികം കേസുകളുള്ളത് എറണാകുളത്താണ് (431). തൊട്ടുപിന്നാലെ കോട്ടയം (426), തിരുവനന്തപുരം (365) എന്നീ ജില്ലകളാണ്. രോഗലക്ഷണങ്ങളുള്ളവർക്ക് കോവിഡ് പരിശോധനകൾ നടത്താനും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും കോവിഡ്-19 കൂടുതൽ ഗുരുതരമാകുന്നതിനാൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വീണ ജോർജ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: Cargo Ship Fire Outbreak: കണ്ടെയ്നറുകളിലേക്ക് തീ പടരുന്നു; ആശ്വാസമായി പ്രദേശത്ത് ശക്തമായ മഴ
വകഭേദം നിർണ്ണയിക്കുന്നതിനുള്ള ജീനോമിക് സീക്വൻസിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒമിക്രോൺ ജെഎൻ.1 ഉപ വകഭേദങ്ങളായ എൽഎഫ്.7, എക്സ്എഫ്ജി എന്നിവയാണ് കേരളത്തിലും കേസുകളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നത്. ഈ വകഭേദങ്ങൾ ഗുരുതരമല്ലെങ്കിലും വ്യാപന ശേഷി കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









