തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധത്തിൽ. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. താമരശേരിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടും ആശുപത്രി അതിക്രമങ്ങൾ തടയാൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.
രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാർ വിട്ടുനിൽക്കും. കെജിഎംഒഎയുടെ നേതൃത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.
കോഴിക്കോട് ജില്ലയിൽ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ പൂർണമായും നിർത്തിവച്ച് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി കൈക്കൊണ്ടില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവച്ച് വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സംഘടന അറിയിച്ചു.
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുക. ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കി അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക. പ്രധാനപ്പെട്ട ആശുപത്രികളിൽ പോലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാം സർക്കാർ നടപ്പിലാക്കുക. ആശുപത്രികളെ സുരക്ഷയെ സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ പ്രധാനപ്പെട്ട ആശുപത്രികളിലെ സുരക്ഷയ്ക്കായി സംവിധാനം ഒരുക്കുക. സിസിടിവി സംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പുവരുത്തുക. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരായി വിമുക്ത ഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വിമുക്തഭടന്മാരുടെ സേവനം ഉറപ്പു വരുത്തുകയും ചെയ്യുക എന്നിവയാണ് ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









