ദുരിതാശ്വാസവുമായി കേന്ദ്ര൦: കേരളത്തിന് 3048.39 കോടി!

കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്.

Updated: Dec 6, 2018, 04:59 PM IST
ദുരിതാശ്വാസവുമായി കേന്ദ്ര൦: കേരളത്തിന് 3048.39 കോടി!

പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ദുരിതാശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സി൦ഗിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 5000 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. 3048.39 കോടി രൂപയുടെ സഹായമാണ് കേന്ദ്ര൦ ലഭ്യമാക്കുക. 

രാജ്‌നാഥ് സി൦ഗിന് പുറമേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സി൦ഗ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങള്‍ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്.  കേരളത്തിന് നേരത്തേ നല്‍കിയ 600 കോടിക്ക് പുറമേയാകും പുതിയ സഹായം.

 ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുക. നാഗാലാന്‍ഡിന് 131.16 കോടി രൂപയും ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

ആദ്യഘട്ടത്തില്‍ 800 കോടിയുടേയും രണ്ടാം ഘട്ടത്തില്‍ 4900 കോടിയുടേയും അങ്ങനെ ആകെ മൊത്തം 5700 കോടിയുടെ സഹായധനമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. 

ആദ്യഘട്ട ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചില ബില്ലുകളും കണക്കുകളും കേരളം നല്‍കിയാല്‍ ഉന്നതതല മന്ത്രിസഭ അനുവദിച്ച തുക കേരളത്തിന് കൈമാറുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.