രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാടിന്‍റെ കൂട്ടായ്മ വിലമതിക്കാനാവാത്തത്; ദുരന്തത്തെ നമ്മള്‍ അതിജീവിക്കും: മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തന നടപടികളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പിണറായി സൂചിപ്പിച്ചത്.

Last Updated : Aug 18, 2018, 09:13 PM IST
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാടിന്‍റെ കൂട്ടായ്മ വിലമതിക്കാനാവാത്തത്; ദുരന്തത്തെ നമ്മള്‍ അതിജീവിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് നാം കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് കേരളമെന്നും നാടിന്‍റെ കൂട്ടായ്മ വിലമതിക്കാനാവാത്തതാണെന്നും അദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തന നടപടികളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പിണറായി സൂചിപ്പിച്ചത്.
 
മേഘ വിസ്ഫോടനം, ന്യൂനമര്‍ദം എന്നിവയാണ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് കാരണമായി വന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്നും പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ പലയിടങ്ങളിലും പ്രവര്‍ത്തിപ്പിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ശക്തമായി നിലനിന്ന മഴയ്ക്ക് അല്പം കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ അനുകൂലമായ ഫലങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

മഴ ഒഴിയുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ ഇനിയുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, വയനാട് എന്നീ മൂന്ന്‍ ജില്ലകളില്‍ ഒഴികെ ബാക്കിയുള്ള ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

കൂടുതല്‍ ഹെലികോപ്റ്ററുകള്‍

കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ അനുവദിക്കും. അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടിയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.കേന്ദ്ര ക്രൈസിസ് മാനേജ്മെന്റിന്റേതാണ് തീരുമാനം.

ചെറുതോണിയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന്‍റെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചു. മറ്റ് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്.

ഗതാഗത സംവിധാനങ്ങള്‍ നാളെ മുതല്‍

മഴക്കെടുതിയില്‍ മുടങ്ങിക്കിടന്ന സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ തയ്യാറാവുകയാണ്‌. കൊച്ചി മെട്രോ നാളെ രാവിലെ ആറുമണിമുതല്‍ സര്‍വീസ് നടത്തും. തൃശൂര്‍-എറണാകുളം റൂട്ടില്‍ ബസ് ഗതാഗതം പുന:സ്ഥാപിച്ചു.

Trending News