ലോക്സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.  നിര്‍ണ്ണായകമായ ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത്യധികം വാശിയേറിയ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. 

Last Updated : Apr 22, 2019, 07:38 AM IST
ലോക്സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്.  സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്‍റെ ദിവസമാണ്.

വിധിയറിയാന്‍ ഒരു മാസം കാത്തിരിക്കണം. മെയ് 23 ന് ആണ് വോട്ടെണ്ണല്‍. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കർശന സുരക്ഷയാണ് ഒരുക്കുന്നത്.

രണ്ടു കോടി അറുപത്തിയൊന്ന് ലക്ഷം പേരാണ് ഇക്കുറി സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക്‌പോള്‍ നടക്കും. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 

നിര്‍ണ്ണായകമായ ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത്യധികം വാശിയേറിയ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. ഞായറാഴ്ച ഗ്രാമ, നരഗവീഥികളെ ഇളക്കിമറിച്ച് പ്രചാരണം സമാപിച്ചപ്പോൾ അണപൊട്ടിയ ആവേശം പലേടത്തും സംഘർഷത്തിനു കാരണമായി. 

പല പ്രശ്‌നങ്ങൾ ഉന്നയിച്ചുതുടങ്ങിയ പ്രചാരണം ശബരിമല പ്രശ്‌നത്തെച്ചൊല്ലിയുള്ള വാഗ്വാദങ്ങളിലാണ് അവസാനിച്ചത്. പല മാധ്യമങ്ങളുടെയും ഏജൻസികളുടെയും അഭിപ്രായ സർവേകളും ഇത്തവണത്തെ പ്രത്യേകതയാണ്.

Trending News