കെവിന്‍റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കെവിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 

Updated: Jun 13, 2018, 04:03 PM IST
കെവിന്‍റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കെവിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 

കെവിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടു നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം.

അതേസമയം, കെവിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 

നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

ഇതേതുടര്‍ന്ന്, പത്തംഗ സംഘം വീടാക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോവുകയും അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തുകയായിരുന്നു. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അടുത്ത ദിവസം രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്.