കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ പൂശിയത് പകുതി സ്വർണം മാത്രമെന്ന് ഹൈക്കോടതി. സ്വർണവും ചെമ്പും വേർതിരിച്ചുവെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ശബരിമലയിലെ പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും സ്വർണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചിരുന്നു. 989 ഗ്രാം സ്വർണമാണ് അന്ന് വേർതിരിച്ചെടുത്തത്. ഇതിൽ പകുതി സ്വർണം മാത്രമാണ് പിന്നീട് പൂശിയത്. 404.8 ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണവും കൈമാറി. പിന്നീട് 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചുവെന്നും എന്നാൽ, അത് ബോർഡിനെ തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് ശബരിമല ശ്രീകോവിലിന്റെ വാതിൽപ്പടിയിലെ ചെമ്പുപാളികളും ഉണ്ണിക്കൃഷ്ണൻ പോറ്റി എത്തിച്ചിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച് എക്സിക്യൂട്ടീവ് ഓഫിസറുടെ കത്തിൽ ആദ്യം സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ എന്ന് പരാമർശിച്ചിരുന്നെങ്കിലും പിന്നീട് ദേവസ്വം കമ്മിഷണറുടെ കത്തിലും തുടർന്ന് ബോർഡിന്റെ ഉത്തരവിലും ഇത് ചെമ്പുപാളികൾ എന്നു മാത്രമാണെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ ക്രമക്കേട് ഗൗരവമുള്ളതാണെന്നും ശ്രീകോവിൽ അടക്കം സ്വർണത്തിൽ പൊതിഞ്ഞ 1998–99 സമയത്ത് 30.291 കിലോ സ്വര്‍ണം ഉപയോഗിച്ചിരുന്നതാണെന്ന് തങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നും കോടതി പറയുന്നു. ദേവസ്വം ഉദ്യോഗസ്ഥർക്ക് പ്രഥമദൃഷ്ട്യാ തന്നെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു മനസിലാകുന്നത് എന്നും ഇത് വിശദമായി തന്നെ അന്വേഷിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









