)
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണെന്ന് നിയമസഭ ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല.
ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്.
അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിനുമുമ്പ് 2002-ലാണ് കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്.
1987ന് ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകു എന്ന SIRലെ നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തിരുമാനമാണ്. 2003-നു ശേഷം ജനിച്ചവര്‍ പിതാവിന്റെയും മാതാവിന്റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്നും നിഷ്ക്കര്‍ഷയുണ്ട്.
രേഖകളില്ലാത്തതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ്. സമൂഹത്തിലെ പാര്ശ്വവല്കൃത വിഭാഗങ്ങളില്‍ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകള്‍ മൂലം വോട്ടവകാശത്തില്‍ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ, സ്ത്രീകള്‍, ദരിദ്രകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍ പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രാർത്ഥന നടക്കുന്നതിനിടെ തോക്കുധാരി പള്ളിക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി വെടിവച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് അതിഭീകരമായ ആക്രമണമുണ്ടായത്. അക്രമി തൻ്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം റൈഫിൾ ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന് തീയിടുകയും ചെയ്തു. സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിയേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമി ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2004 മുതൽ 2008 വരെ യു.എസ് സൈന്യത്തിന്റെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇയാൾ. ഇയാളുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അക്രമത്തിൻ്റെ പിന്നിലെ കാരണം കണ്ടെത്താനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.