കേന്ദ്രസര്‍ക്കാര്‍ നിലപാടിലൂടെ ധാരാളം ധനസഹായം നഷ്ടമായി: പിണറായി വിജയന്‍

യുഎഇ സഹായം തടഞ്ഞതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കാവുന്ന ഇതിനെക്കാള്‍ വലിയൊരു സഹായം നഷ്ടമായെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

Last Updated : Dec 2, 2018, 03:22 PM IST
കേന്ദ്രസര്‍ക്കാര്‍ നിലപാടിലൂടെ ധാരാളം ധനസഹായം നഷ്ടമായി: പിണറായി വിജയന്‍

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ നിലപാടിലൂടെ, യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന വന്‍തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം വലിയ പ്രളയം നേരിട്ട ഘട്ടത്തില്‍ കേരളത്തിന്‍റെ അവസ്ഥ മനസിലാക്കി യു.എ.ഇ ഭരണാധികാരി മോദിയെ വിളിച്ച് കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ആദ്യം മോദി ഈ തീരുമാനത്തോട് നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. അതെന്തുക്കൊണ്ടാണെന്നറിയില്ല. യുഎഇ സഹായം തടഞ്ഞതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കാവുന്ന ഇതിനെക്കാള്‍ വലിയൊരു സഹായം നഷ്ടമായെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ചെങ്ങന്നൂരില്‍ സംസ്ഥാന സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലകപ്പെട്ടവര്‍ക്ക് 2000 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2500 കോടി കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. അതിനെ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വര്‍ദ്ധനവ് നല്‍കുക. വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുക. തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധവുമായി ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ എത്തി. സമ്മേളനം നടക്കുന്ന കോളേജിന്‍റെ മതില്‍കെട്ടിന് പുറത്ത് പ്രവര്‍ത്തകര്‍ ശരണം വിളിച്ചായിരുന്നു പ്രതിഷേധിച്ചത്.

എന്നാല്‍, ശരണം വിളി താന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റ് സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം അയ്യപ്പശരണം എന്ന് വിളിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും ബിജെപിക്കാരും പ്രതിഷേധിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയ്ക്ക് പുറത്ത് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിച്ചത്.

 

Trending News