Kerala Weather Update: വിവിധ ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച പെയ്ത മഴയിൽ വടക്കൻ കേരളത്തിലും കൊച്ചിയിലും വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്ത് റോഡുകളിൽ വെള്ളക്കെട്ടതോടെ ഗതാഗതം തടസപ്പെട്ടു. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമെല്ലാം ഇന്നലെ പെയ്ത മഴയിൽ കേടുപാടുകൾ സംഭവിച്ചു.
കണ്ണൂരിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ അതിശക്തമായ മഴ തുടരുകയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപത്ത് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് മരിച്ചത്.
കാസർകോഡ് നീലേശ്വരം മുതൽ പള്ളിക്കര വരെ ദേശീയ പാതയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. പെരിയയിൽ കേന്ദ്ര സർവകലാശാലയ്ക്ക് അടുത്ത് ബസ് താഴ്ന്നു. കനത്ത മഴയെ തുടർന്ന് കാലിക്കടവ്, നീലേശ്വരം ടൗണിൽ വെള്ളം കയറി. ചെർക്കളയിലും കറന്തക്കാടും മരം വീണു.
എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു അപകടമുണ്ടായി. ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.