മഴ കുറയുന്നു; ഇന്ന് റെഡ് അലര്‍ട്ട് ഇല്ല; മരണസംഖ്യ 83 കവിഞ്ഞു

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Last Updated : Aug 12, 2019, 07:45 AM IST
മഴ കുറയുന്നു; ഇന്ന് റെഡ് അലര്‍ട്ട് ഇല്ല; മരണസംഖ്യ 83 കവിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമായ മഴയുടെ സാധ്യത ഇല്ലാത്തതിനാല്‍ ഒരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 83 കവിഞ്ഞു. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായകമാകും. 

മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 

വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാമ്പുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്.

മഴയ്ക്ക് ശമനമുണ്ടായതോടെ ഇന്നലെ മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ നടത്തിയ തെരച്ചിലില്‍ ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതിനുപുറമേ ഇന്നലെ മലപ്പുറത്ത് ഒരാളും തൃശ്ശൂരില്‍ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേര്‍ വീതവും കോട്ടയത്തും ഇടുക്കിയിലും കാസര്‍കോട്ടും ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു. 

ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലുമണിയോടെ നിര്‍ത്തിവെച്ചു. മലപ്പുറം നിലമ്പൂരിനു സമീപം വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍റെ തോട്ടത്തില്‍ കുടുങ്ങിയ ജീവനക്കാരാണിവര്‍.

Trending News