മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മഴ ശക്തമാകുന്നതിനാൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടതാണ് മഴ ശക്തിയാർജിക്കാൻ കാരണം. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നദികളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ചിലയിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ചില നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : പമ്പ (മടമൺ സ്റ്റേഷൻ)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ)
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ പറയുന്നു. മലമ്പുഴ ഡാം ഇന്ന് തുറന്നേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.