കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് ഭരണ-പ്രതിപക്ഷ പ്രതിഷേധം

ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

Ajitha Kumari | Updated: Dec 16, 2019, 10:14 AM IST
കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് ഭരണ-പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത പ്രതിഷേധം നടക്കും.

രാവിലെ പത്തുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.

ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

നാടിന്‍റെ നിലനില്‍പിന് വേണ്ടിയുള്ള കേരളത്തിന്‍റെ ഒറ്റക്കെട്ടായ പ്രതിരോധമാണ് ഈ സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഇത്തരമൊരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ലെന്നും സത്യഗ്രഹത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും എല്‍ഡിഎഫിലേയും, യുഡിഎഫിലേയും വിവിധ നേതാക്കളും നവോത്ഥാനസമിതി പ്രവര്‍ത്തകരും പങ്കെടുക്കും. 

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്‍റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി വ്യക്തമാക്കുന്നത്. 

പ്രതിഷേധത്തില്‍ മുഖ്യനും പങ്കെടുക്കുന്നതു കൊണ്ട് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.