തിരുവനന്തപുരം: ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കിയത് സംബന്ധിച്ച വിവാദത്തില്‍ കേരള സര്‍വ്വകലാശാല പുകയുന്നു. ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി പരിുപാടി റദ്ദാക്കിയ സര്‍വ്വകലാശാല രജിസ്ട്രാറെ വിസൈ ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതോടെ ആയിരുന്നു വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ വിസി ചുമതല നല്‍കിയ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേയും ഇപ്പോള്‍ നടപടി എടുത്തിരിക്കുകയാണ്.
വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാറുടെ നടപടി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അനില്‍കുമാര്‍ വീണ്ടും ചുതലയറ്റു. വിസി ചുമതലയേല്‍പിച്ച ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ ആണ് ചുമതല കൈമാറിയത്. ഇതേ തുടര്‍ന്നാണ് ഹരികുമാറിനെതിരെ കടുത്ത നടപടിയുമായി വൈസ് ചാന്‍സലര്‍ സിസ തോമസ് രംഗത്തെത്തിയത്. ജോയിന്റ് രജിസ്ട്രാര്‍ പവയിവല്‍ നിന്ന് ഹരികുമാറിനെ മാറ്റി. ഇതിന് പിറകെ ഹരികുമാര്‍ അവധിയില്‍ പോവുകയും ചെയ്തു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടിയെ അംഗീകരിക്കില്ലെന്നാണ് വിസി പറയുന്നത്. രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നല്‍കുകയും ചെയ്തു. ഇതോടെ കേരള സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉയര്‍ന്നത്. കോടതിയ്ക്ക് മുന്നിലുള്ള കാര്യമായതിനാല്‍ തീരുമാനമെടുക്കാന്‍ ആവില്ലെന്നായിരുന്നു വിസിയുടെ നിലപാട്. എന്നാല്‍ വിസിയുടെ അനുമതിയ്ക്ക് കാത്തുനില്‍ക്കാതെ സിന്‍ഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ഈ യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറും പങ്കെടുത്തിരുന്നു. ഇതും വൈസ് ചാന്‍സലറെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഹരികുമാറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ആയിരുന്നു രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. അതിന് ശേഷം ആദ്ദേഹം വിദേശയാത്രയ്ക്ക് പോയി. ഈ സാഹചര്യത്തില്‍ ഡോ സിസ തോമസിന് ചുമതല നല്‍കുകയായിരുന്നു. ഇതിന് പിറകെയാണ് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്.
സര്‍വ്വകലാശാല വിവാദത്തില്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട് എന്നാണ് സിന്‍ഡിക്കേറ്റിന്റെ വാദം. സിന്‍ഡിക്കേറ്റ് നടപടികള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷനെ നിയോഗിച്ചതും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതും സിന്‍ഡിക്കേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണെന്നും അവര്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









