)
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ പദ്ധതിയുടെ ഭാഗമായി 2031 കരട് റിപ്പോർട്ട് പുറത്തിറക്കി. ഇന്‍ഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതിക വിദ്യാമേഖലകളിലെ വിഷന്‍ ഡോക്യുമെന്റ് എന്നിവയുടെ കരട് റിപ്പോർട്ടാണ് പുറത്തിറക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കരട് വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയത്. ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച 'റീകോഡ് കേരള 2025' വികസന സെമിനാറിന്റെ ഉദ്ഘാടനവേദിയില്‍ വച്ചാണ് കരട് വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കിയത്. വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് വിഷന്‍ ഡോക്യുമെന്റ് ഏറ്റുവാങ്ങി.
2031 ഓടെ സംസ്ഥാനത്തിന്റെ ഐടി മേഖലയില്‍ 50 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും അഞ്ച് ലക്ഷം ഹൈവാല്യൂ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യം. 20,000 കോടി സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐടി ഓഫീസുകള്‍ തുടങ്ങിയ ലക്ഷ്യങ്ങളും കരട് വിഷന്‍ ഡോക്യുമെന്റ് മുന്നോട്ട് വയ്ക്കുന്നു.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന് (K-AIM), കേരള സെമികോണ്‍ മിഷന്, കേരള ഫ്യൂച്ചര്‍ ടെക് മിഷന് (KFTM), ദ ഫ്യൂചര്‍ കോര്പറേഷന് (TFC) എന്നിങ്ങനെ നാല് സ്ട്രാറ്റജിക് മിഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്റെ ഭാഗമായി 2030 ഓടെ നൈതികവും സുതാര്യവുമായ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം ഉറപ്പാക്കുന്നതിനുവേണ്ടി 'Kerala AI Bill of Rights' നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്. സൈബര്‍ സുരക്ഷയും ഗ്രീന്‍ കമ്പ്യൂട്ടിംഗ് പാര്‍ക്കുകളും ഉള്‍പ്പെടുന്ന ഭാവി ടെക് മേഖലയക്ക് രൂപം നല്‍കുന്നതിനാണ് ഫ്യൂചര്‍ ടെക് മിഷന് രൂപീകരിച്ചിട്ടുള്ളത്.
Kerala: Global Talent. Ethical Tech. Sustainable Growth എന്ന ബ്രാന്‍ഡിനു കീഴില്‍ ആഗോള നിക്ഷേപ ആകര്‍ഷണ ഏജന്‍സിയായി ദ ഫ്യൂചര്‍ കോര്പറേഷന് പ്രവര്‍ത്തിക്കും. ഇതിനു പുറമേ, Free and Open-Source Software (FOSS) ഉപയോഗം ശക്തിപ്പെടുത്തി സര്‍ക്കാര്‍ സോഫ്റ്റ്വെയര് ചെലവ് 30% കുറയ്ക്കുക, ഐസിടി അക്കാദമിവഴി 10 ലക്ഷം പേരെ എഐ അടക്കമുള്ള മേഖലകളില്‍ പരിശീലിപ്പിക്കുക, ടെക്നോസിറ്റി, ഇന്‍ഫൊപാര്‍ക്ക് ഫേസ് 3, സൈബര്‍ പാര്‍ക്കിന്റെ വിപുലീകരണം, കെ-സ്പേസ് എയ്റോസ്പേസ് ക്ലസ്റ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിങ്ങനെ നിരവദി വികസന പരിപാടകള്‍ വിഷന്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 50 ലീപ് സെന്ററുകള്‍, 250 ഏര്‍ലി ഇന്നോവേഷന്‍ സെന്ററുകള്‍, 14 ജില്ലകളിലും ഫ്രീഡം സ്ക്വയറുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിഷന്‍ ഡോക്യുമെന്റിലുണ്ട്. 2029ഓടെ ആനിമേഷന്‍,ഗെയിമിംഗ്, വിഷ്വല്‍ ഇഫക്റ്റ്സ് മേഖലയില്‍ 250 കമ്പനികള്‍ സ്ഥാപിച്ച് 10 ശതമാനം ദേശീയ കയറ്റുമതി പങ്കാളിത്തം, ഡിജിറ്റല്‍ ഗവേണന്‍സില്‍ കേരള മോഡല്‍ സൃഷ്ടിച്ച് 100% ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളും വിഷന്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത ഐ.ടി സേവനങ്ങളില്‍ നിന്ന് മുന്നോട്ട് നീങ്ങി, ആധുനിക ഗവേഷണ-വികസന മേഖലകളിലും ഗ്ലോബല്‍ ക്യാപബിലിറ്റി സെന്ററുകളിലും (GCCs) നിക്ഷേപം ആകര്‍ഷിക്കാനാണ് വിഷന്‍ 2031 ലക്ഷ്യമിടുന്നത്. 2031 ല്‍ സംസ്ഥാനത്ത് 120 ഗ്ലോബല്‍ ക്യാപബിലിറ്റി സെന്ററുകള്‍ യാഥാര്‍ഥ്യമാക്കും. ഉയര്‍ന്ന മാനവവിഭവ ശേഷി, കുറഞ്ഞ ജോലി ഉപേക്ഷിക്കല്‍ നിരക്ക്, KFON വഴി ലഭ്യമായ ഹൈസ്പീഡ് ഇന്റര്‍നെറ്റ്, കുറഞ്ഞ ചെലവില്‍ ലഭ്യമായ ഓഫീസ് സൗകര്യങ്ങള്‍, മികച്ച ജീവിതനിലവാരം തുടങ്ങിയവ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന് അനുകൂലമാകുന്ന ഘടകങ്ങളായി വിഷന്‍ ഡോക്യുമെന്റ് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ രംഗത്ത് കേരളം ഏറെ മുന്നേറിയിട്ടുണ്ട്.
കൂടുതല്‍ ആഗോളശ്രദ്ധ നേടിയെടുക്കുകയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയുമാണ് വിഷന്‍ 2031ലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പറഞ്ഞു. റീകോഡ് കേരള 2025 വികസന സെമിനാറിലെ ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും, ഐടി മേഖലയിലെ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളും അടക്കം പരിഗണിച്ച ശേഷമായിരിക്കും ഐടി മേഖലയിലെ അന്തിമ വിഷന്‍ 2031 ന് രൂപം നല്‍കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.