കെവിൻ വധക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കെവിന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 

Updated: Nov 9, 2018, 09:01 AM IST
കെവിൻ വധക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കെവിന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 

ഈ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച അന്വേഷിച്ച് അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി. വിനോദ്പിള്ള സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

ഗാന്ധിനഗര്‍ എ.എസ്.ഐ  ടി.എം. ബിജുവിനെ  സർവീസിൽ നിന്ന്‌ പിരിച്ചുവിട്ട് കൊണ്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഉത്തരവിട്ടു.

കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ക്വട്ടേഷൻ സംഘത്തിൽ നിന്ന്‌ 2000 രൂപ  ബിജു കൈക്കൂലി വാങ്ങിയാതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നൽകാൻ മൂന്നാഴ്ച ബിജുവിന് സമയം അനുവദിച്ചിട്ടുണ്ട്.

കൂടാതെ, സംഭവദിവസം രാത്രിയില്‍ എ.എസ്.ഐയ്ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അജയകുമാറിന്‍റെ മൂന്ന് വർഷത്തെ ഇൻക്രിമെന്‍റ് റദ്ദാക്കുകയും ചെയ്തു. 

ബിജു കൈക്കൂലി വാങ്ങിയതറിഞ്ഞിട്ടും അജയകുമാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ട്. 

സംഭവ ദിവസം ഗാന്ധിനഗർ സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന എസ്.ഐ. എം.എസ്. ഷിബുവിനെതിരെയും നടപടിയുണ്ടായേക്കും. 

കൃത്യവിലോപം അടക്കമുള്ള വീഴ്ചകളാണ് ഷിബുവിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ഷിബുവിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ഐ.ജി. വിജയ് സാഖറെ തുടർ നടപടി സ്വീകരിക്കും.

ഇവര്‍ മൂന്നുപേരും ആറു മാസമായി സസ്പെൻഷനിലാണ്.

മേയ് 26-നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.