കുഞ്ഞുങ്ങള്‍ ജനിക്കുന്നെങ്കില്‍ കൊച്ചിയില്‍ ജനിക്കണം, അതിന് കാരണമുണ്ട്

അപൂര്‍വ്വ ബഹുമതി കരസ്ഥമാക്കി നമ്മുടെ സ്വന്ത൦ കൊച്ചി. മറ്റൊന്നുമല്ല, 'നവജാത ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം' എന്ന അപൂര്‍വ പദവിയാണ് കൊച്ചി സ്വന്തമാക്കിയിരിക്കുന്നത്.

Last Updated : Jul 26, 2018, 04:24 PM IST
കുഞ്ഞുങ്ങള്‍ ജനിക്കുന്നെങ്കില്‍ കൊച്ചിയില്‍ ജനിക്കണം, അതിന് കാരണമുണ്ട്

കൊച്ചി: അപൂര്‍വ്വ ബഹുമതി കരസ്ഥമാക്കി നമ്മുടെ സ്വന്ത൦ കൊച്ചി. മറ്റൊന്നുമല്ല, 'നവജാത ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം' എന്ന അപൂര്‍വ പദവിയാണ് കൊച്ചി സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ആശുപത്രികളും ഒത്തൊരുമിച്ച് കൈകോര്‍ത്തു നീങ്ങുന്ന സംരംഭത്തിലാണ് കൊച്ചിക്ക് ഇന്ത്യയിലെ തന്നെ അപൂര്‍വ സ്ഥാനം കൈവരിക്കാനായത്.

വളരെ തിളക്കമാര്‍ന്ന നേട്ടമാണ് കൊച്ചി കൈവരിച്ചത്. വികസിത രാജ്യങ്ങളെ വെല്ലുന്ന വിധമാണു കൊച്ചി ഈ നേട്ടത്തിലേക്ക് എത്തിയത്. കൊച്ചിയുടെ ശിശു മരണ നിരക്ക് 3.1 മാത്രമാണ്. അതായത് ജനിക്കുന്ന ആയിരം കുട്ടികളില്‍ മരിക്കുന്നത് 3.1 മാത്രം.  ഇന്ത്യയില്‍ ശിശു മരണ നിരക്ക് 25.4 ആണ്. കേരളത്തില്‍ ഇത് 10 ആണ്. ഇന്ത്യയും കേരളവും ശിശു മരണ നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുമ്പോളാണ് മികച്ച നേട്ട൦ കൊച്ചി കൈവരിക്കുന്നത്. 

ശിശു മരണ നിരക്ക് നിര്‍ണ്ണയിക്കുന്നത് ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ൦ അടിസ്ഥാനമാക്കിയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലെ കണക്കുകള്‍ നോക്കുമ്പോള്‍ ശിശു മരണ നിരക്ക് ഉയര്‍ന്നു തന്നെയാണ്. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളാണ് കേരളത്തില്‍ ഉയര്‍ന്ന ശിശു മരണ നിരക്കുള്ള ജില്ലകള്‍. 

കൊച്ചിയില്‍ ശിശു മരണ നിരക്ക് കുറയാന്‍ പലതുണ്ട് കാരണങ്ങള്‍. അതില്‍ ഒന്നാമത്തേത് വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ പ്രസവത്തിന് ആശുപത്രികളിലെത്തുന്നതാണ്. രണ്ടാമതായി പറയാവുന്നത് ആരോഗ്യപരിചരണ മേഖലയില്‍ കൂടുതല്‍ ചികില്‍സാ സൗകര്യങ്ങളുടെ ലഭ്യതയാണ്. 

എറണാകുള൦ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളിലും ശിശു മരണ നിരക്ക് താരതമ്യേന കുറവായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളാവട്ടെ അധികവും മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയുള്ള മരണങ്ങളായിരുന്നു. ശിശു പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടതോടെയാണ് ജില്ല ഈ നേട്ടവും കൈവരിച്ചത്. 

കൂടാതെ, കുഞ്ഞുങ്ങളിലെ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ദേശീയ ആരോഗ്യ ദൗത്യവുമായി ചേര്‍ന്ന് 'ഹൃദ്യം' എന്ന പദ്ധതി ആവിഷ്‌കരിച്ചതും ജില്ലയ്ക്കു നേട്ടമായി. 

 

Trending News