ആര്‍എസ്എസിന്‍റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്‌എസ്‌ ഉത്തേജനം നല്‍കുന്നു: കോടിയേരി

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം മാത്രമേ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു.  

Updated: Jan 6, 2019, 03:32 PM IST
ആര്‍എസ്എസിന്‍റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്‌എസ്‌ ഉത്തേജനം നല്‍കുന്നു: കോടിയേരി

തിരുവനന്തപുരം: എന്‍എസ്എസിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് എന്‍എസ്എസിന്റേത്. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള പടയൊരുക്കം ആര്‍എസ്എസിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ്‌ എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഇത്‌ ആര്‍ എസ്‌ എസ്സുകാര്‍ നടത്തിവരുന്ന കലാപശ്രമങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കാനുള്ള ഉദ്ദേശത്തോടെയുള്ള സമീപനമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം മാത്രമേ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു. 1957 ന്‌ ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന കാലത്തെല്ലാം നിരീശ്വരവാദികളെന്ന്‌ മുദ്രകുത്തി പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും വിശ്വാസി സമൂഹത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയാണുണ്ടായതെന്നും കോടിയേരി വിശദീകരിച്ചു.

ആചാരനാനുഷ്‌ഠാനങ്ങളെല്ലാം ഭരണഘടനയ്‌ക്ക്‌ വിധേയമാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ സുപ്രീകോടതി വിധിയുണ്ടായത്‌. ശബരിമലയില്‍ തന്നെ നേരത്തെയുണ്ടായിരുന്ന നിരവധി ആചാരങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്‌.

മകരവിളക്ക്‌ കൊളുത്താനും, തേനഭിഷേകം നടത്താനും മലയരയന്മാര്‍ക്കുണ്ടായിരുന്ന അവകാശവും, വെടിവഴിപാടിന്‍റെ നടത്തിപ്പിന്‌ ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശവും എടുത്ത്‌ കളഞ്ഞപ്പോള്‍ ആചാരലംഘനമുണ്ടായിയെന്ന്‌ തോന്നാതിരുന്നത്‌ എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരുപറഞ്ഞ്‌ ഇടതുപക്ഷ സര്‍ക്കാരിനെതിരായ പടയൊരുക്കം ആര്‍എസ്‌എസ്സിനെ സഹായിക്കാന്‍ മാത്രമേ ഇടയാക്കുകയുള്ളു. സുപ്രീംകോടതി വിധി മാറ്റാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന്‌ പകരം തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ കലാപം നടത്തുന്നതിന്‌ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്‌. ഇത്തരം നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.