Kollam Collectorate Blast: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം
Kollam Collectorate Blast: കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംഹാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഐ.പി.സി. 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതൽ നശീകരണം തടയൽ നിയമം, നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം 16 ബി, 18, 29 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
2016 ജൂൺ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപയോഗശൂന്യമായി കിടന്നിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിലായിരുന്നു സ്ഫോടനം നടത്തിയത്. ചോറ്റുപാത്രത്തിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജീപ്പിൽ വയ്ക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 സെപ്റ്റംബർ 8നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 90 സാക്ഷികളാണുള്ളത്.