കൂടത്തായിയിലെ ചുരുളഴിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം

കേരള പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കേസായിട്ടാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്.  

Last Updated : Oct 26, 2019, 03:15 PM IST
കൂടത്തായിയിലെ ചുരുളഴിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളഴിയിച്ച ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി അംഗീകാരം. 

ഡിവൈ.എസ്.പി.കെ.ഇസ്മയില്‍, അഡീഷണല്‍ എസ്.പി.സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ആര്‍.ഹരിദാസന്‍, എസ്ഐ ജീവന്‍ ജോര്‍ജ്ജ് തുടങ്ങിയ 15 പേര്‍ക്കാണ് എസ്.പി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. 

കേരള പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കേസായിട്ടാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് പഴുതടച്ച തെളിവുമായി അന്വേഷണ സംഘം രഹസ്യങ്ങളുടെ ചുരുളഴിച്ചത്. 

ഇതിനായി അന്വേഷണസംഘം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.

കേസന്വേഷണത്തിന്‍റെ ചില ഘട്ടങ്ങളില്‍ വേഷംമാറിയാണ് ഇവര്‍ അന്വേഷണം നടത്തിയത്. കൂടത്തായിയിലും പുലിക്കയത്തും എന്‍ഐടിയിലും കട്ടപ്പനയിലുമെല്ലാം ദിവസങ്ങളോളം ഇവര്‍ക്ക് വേഷംമാറി കഴിയേണ്ടി വന്നിട്ടുണ്ട്.

രണ്ടു പോലീസുകാര്‍ താടിവച്ചാണ് പൊന്നമറ്റത്തും പരിസരപ്രദേശത്തേയ്ക്കും പോയത്. അന്വേഷണത്തിന്‍റെ ഭാഗമായി കല്ലറ പൊളിച്ചതിനു ശേഷമാണ് ഇവര്‍ താടി മാറ്റിയത്.

ഇതിനെല്ലാമുപരി കോഴിക്കോടിന്‍റെ കിഴക്കന്‍ പ്രദേശത്ത് നടത്തുന്ന അന്വേഷണത്തില്‍ ഭാഷ പ്രശ്നമാകാതിരിക്കാന്‍ വടക്കന്‍ ഭാഷയും ഉദ്യോഗസ്ഥര്‍ പഠിച്ചു. മാത്രമല്ല കേസുമായി ബന്ധപ്പെട്ടവര്‍ സംസാരിക്കുന്ന രീതി പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ പഠിച്ചിരുന്നു. 

ആദ്യഘട്ടത്തില്‍ 10 ഉദ്യോഗസ്ഥരായിരുന്ന അന്വേഷണ സംഘത്തില്‍ പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി. മുന്‍പരിചയമില്ലാത്ത ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയമിച്ചത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അന്വേഷണം നടക്കുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല.

അന്വേഷണത്തിന്‍റെ അവസാന സമയത്ത് ജോളിയോട് നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് പറഞ്ഞപ്പോള്‍ കട്ടപ്പനയിലുള്ള തന്‍റെ ചാച്ചനോട് ചോദിക്കണമെന്ന് ജോളി പറയുകയും അങ്ങനെയെങ്കില്‍ ഇപ്പോള്‍തന്നെ ചോദിയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

അതിനെതുടര്‍ന്ന് പൊലീസിന്‍റെ മുന്നില്‍വെച്ച് ചാച്ചനെയെന്ന്‍ പറഞ്ഞ് ജോളി ആരെയോ വിളിക്കുകയും സംസാരിക്കുന്നത് ചാച്ചനല്ലയെന്ന്‍ പൊലീസ് തറപ്പിച്ചു പറഞ്ഞപ്പോള്‍ ജോളി പരുങ്ങുകയും ചെയ്തു. അവിടെയാണ് ശരിക്കും ജോളിയുടെ പിടിവിട്ടുപോയതെന്ന് തന്നെ പറയാം. ജോളിയുടെ ചാച്ചന്‍റെ സംസാര രീതിവരെ ഉദ്യോഗസ്ഥര്‍ പഠിച്ചിരുന്നു.

ആദ്യം ഒരു സ്വാഭാവിക മരണമാണ് എന്നു കരുതിയിരുന്ന ഓരോ മരണത്തിന്‍റെയും ചുരുളഴിയുന്നത് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍‍പി പി.കെ ഇസ്മയിലിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ജീവൻ ജോര്‍ജ്ജ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ്.

ഈ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായ ജോളിയുടെ തനി നിറം പുറത്തുവരുന്നത്. ഈ അന്വേഷണത്തിലാണ് ജോളിയ്ക്ക് എൻഐടിയിൽ ജോലിയില്ലെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എല്ലാ മരണത്തിനു പിന്നിലും ജോളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. 

ജീവൻ ജോര്‍ജ്ജ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങള്‍ ഡിവൈഎസ്‍‍പി ഇസ്മയിലിന്‍റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്പി കെ. ജി സൈമണ് സമര്‍പ്പിക്കുകയായിരുന്നു.

ആദ്യം ജോളിയുടെ ഭര്‍ത്താവിന്‍റെ മരണത്തിനുത്തരവാദി എന്ന പേരിലായിരുന്നു ജോളിയെ അറസ്റ്റു ചെയ്തതെങ്കിലും തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. 

Trending News